ചെന്നൈ: കടലൂരിൽ റൗഡിയെ തലയറത്ത് കൊന്ന കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പൺറുട്ടി സുബ്ബരായലു നഗറിൽ താമസിക്കുന്ന കെ. വീര എന്ന വീരാംഗനെ (35) കൊലപ്പെടുത്തിയ കൃഷ്ണ(30)യാണ് വെടിയേറ്റ് മരിച്ചത്. പോലീസിനെ ആക്രമിച്ചപ്പോൾ സ്വയരക്ഷയ്ക്ക് വെടിവെച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം.

ഒട്ടേറെ കേസുകളിൽ പ്രതിയായ വീര കടലൂരിൽ പഴക്കട നടത്തുകയായിരുന്നു. 2014-ൽ സതീഷ് കുമാർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായിരുന്നു ഇയാൾ. സതീഷ് കുമാറിന്റെ ബന്ധുവാണ് കൊല്ലപ്പെട്ട കൃഷ്ണ. സതീഷ് കുമാറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് കൃഷ്ണയും സുഹൃത്തുക്കളും വീരയെ ആക്രമിച്ചുകൊന്നതെന്ന് പോലീസ് പറയുന്നു.

ചൊവ്വാഴ്ച രാത്രി കടയടച്ച് ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന വീരയെ കൃഷ്ണയും സംഘവും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം വീരയുടെ തലയറത്ത് സതീഷ് കുമാറിന്റെ വീടിനു മുന്നിൽ ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണമാരംഭിച്ച പുതുപ്പേട്ട പോലീസിന് സതീഷ് കുമാറുമായി ബന്ധമുള്ളവരാണ് കൊലയ്ക്ക് പിന്നിലെന്ന് ആദ്യംതന്നെ സൂചന ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിൽ കൃഷ്ണയടക്കം നാലുപേരെ പോലീസ് രാത്രിതന്നെ പിടികൂടി.

സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തപ്പോൾ കൃഷ്ണയാണ് മുഖ്യപ്രതിയെന്ന് വ്യക്തമായി. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തുന്നതിന് ബുധനാഴ്ച രാവിലെ പ്രതിയെയും കൂട്ടി പോലീസ് കുടുമിയാൻകുപ്പത്തേക്ക് പോയി. അപ്പോൾ, പോലീസ് സംഘത്തിലെ എസ്.ഐ. ദീപനെ കത്തി ഉപയോഗിച്ച് ആക്രമിച്ചശേഷം കൃഷ്ണ രക്ഷപ്പെടാൻ ശ്രമിച്ചു. സ്വയരക്ഷയ്ക്കായി എസ്.ഐ. പ്രതിയ്ക്കുനേരെ വെടിയുതിർത്തുവെന്നാണ് പോലീസ് പറയുന്നത്. വെടിയേറ്റ കൃഷ്ണ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ എസ്.ഐ.യെ പൺറുട്ടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മജിസ്‌ട്രേറ്റ്തല അന്വേഷണം ആരംഭിച്ചു.

Content Highlights: Man beheads history-sheeter, gets killed in police encounter