ചെന്നൈ: സ്ത്രീധനമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ഭാര്യയുടെ സ്വകാര്യചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവൊട്ടിയൂർ സ്വദേശി ആർ. വിജയഭാരതി (29)യാണ് പിടിയിലായത്. സ്വകാര്യ കമ്പനി ജീവനക്കാരനാണ് ഇയാൾ. വിവാഹമോചിതയായ 28-കാരിയെ പ്രണയിച്ച് കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ വിവാഹം ചെയ്തത്.
സ്ത്രീധനമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. അത്രയും പണം നൽകാൻ യുവതിയ്ക്കായില്ല. തുടർന്ന് സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിമുഴക്കി. അതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി വില്ലിവാക്കം ഓൾ വുമൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
എന്നാൽ പ്രതി പോലീസിനു മുന്നിൽ അന്വേഷണത്തിന് ഹാജരായില്ല. ഇതിനിടെ തന്റെ സ്വകാര്യചിത്രങ്ങൾ വിജയഭാരതി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചതായി കണ്ട യുവതി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
content highlights: man arrested for sharing private photos of wife in facebook