കൊല്‍ക്കത്ത: നോട്ട് അസാധുവാക്കല്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രിയുടെ വസതിക്കുമുമ്പില്‍ പ്രതിഷേധം നടത്തുമെന്നും മമത മുന്നറിയിപ്പുനല്‍കി. കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധപ്രകടനത്തിനിടെയായിരുന്നു മമതയുടെ ഭീഷണി.

രാജ്യം മുഴുവന്‍ കഷ്ടപ്പെടുകയാണ്. ബാങ്കുകളിലും എ.ടി.എമ്മുകളിലും പണമില്ല. നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് എണ്‍പതോളം ആളുകള്‍ ഇതിനോടകംതന്നെ മരിച്ചുകഴിഞ്ഞു. പക്ഷേ, മോദി ഇപ്പോഴും മൗനിയായിത്തുടരുന്നു. രാജ്യത്തെ നോട്ടുരഹിത സമ്പദ്!വ്യവസ്ഥയിലേക്ക് നയിക്കാന്‍ പ്രസംഗങ്ങള്‍ നടത്തുന്നു. എതിര്‍ക്കുന്നവരെ സി.ബി.ഐ., എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ്, ആദായനികുതിവകുപ്പ് എന്നിവ ഉപയോഗിച്ച് വായ മൂടിക്കെട്ടുന്നു. വീണ്ടും ഡല്‍ഹിയില്‍പ്പോയി ഇതിനെതിരെ ശബ്ദമുയര്‍ത്തുമെന്നും മമത വ്യക്തമാക്കി.

ഗ്രാമീണമേഖലയിലുള്ള ഭൂരിഭാഗം ജനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടുകളില്ല. അവരെങ്ങനെയാണ് ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുക? ഈ തീരുമാനം മാറ്റുന്നതുവരെ ഞാനിത് അവസാനിപ്പിക്കില്ല. ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ ഞാന്‍ പരിഹാരനിര്‍ദേശങ്ങള്‍ നല്‍കി. പക്ഷേ, കേന്ദ്രം അത് സ്വീകരിച്ചില്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ ജനവിരുദ്ധ തീരുമാനം നടപ്പാക്കിയതിനെതിരെ അവസാനംവരെ പോരാടുമെന്നും മമത പറഞ്ഞു.