ന്യൂഡൽഹി : ദേശീയരാഷ്ട്രീയം ലക്ഷ്യമിട്ട് മമതാ ബാനർജിയുടെ ഡൽഹി സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. 2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷത്തെ ഒരുമിപ്പിച്ചുനിർത്തി നേതൃതലത്തിലേക്ക് ഉയരുകയെന്ന രാഷ്ട്രീയനീക്കങ്ങളുമായെത്തുന്ന മമത വെള്ളിയാഴ്ചവരെ ഡൽഹിയിൽ തങ്ങും. സോണിയാഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷനേതാക്കളുമായി വെവ്വേറെയും കൂട്ടായും ചർച്ചകൾ മമതയുടെ പ്രധാന അജൻഡയാണ്. സംസ്ഥാനത്തിന്റെ വികസനവിഷയങ്ങൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കാണുന്നുണ്ട്. രാഷ്ട്രപതിയുമായും കൂടിക്കാഴ്ചയുണ്ടെന്ന് ടി.എം.സി. നേതാക്കൾ പറഞ്ഞു.

ബംഗാൾ മുഖ്യമന്ത്രിയായി മൂന്നാംവട്ടവും ചരിത്രവിജയം നേടിയ മമതാ ബാനർജിയുടെ അടുത്ത ലക്ഷ്യം ദേശീയരാഷ്ട്രീയമാണ്. ചിതറിനിൽക്കുന്ന പ്രതിപക്ഷത്തെ ഒന്നിച്ചുചേർത്ത് 2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി.ക്ക് ബദൽ ഒരുക്കാൻ മുൻകൈയെടുക്കാനുള്ള ആത്മവിശ്വാസം മമതയ്ക്ക് നൽകിയത് ബംഗാൾവിജയമാണ്. അംഗബലത്തിൽ ലോക്‌സഭയിൽ നാലാംസ്ഥാനമുള്ള ടി.എം.സി.യുടെ പാർലമെന്ററിപാർട്ടി നേതാവായി മമതയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തത് മമതയുടെ ഡൽഹി ലക്ഷ്യത്തിന്റെ ചുവടുപിടിച്ചാണ്. പാർലമെന്റംഗല്ലെങ്കിലും മമത പാർലമെന്ററിപാർട്ടി നേതാവാകുന്നതോടെ ദേശീയരാഷ്ട്രീയത്തിലെ ടി.എം.സി.യുടെ ഇടപെടലുകൾക്ക് കൂടുതൽ സാധ്യതതുറക്കും.

2018 മുതൽതന്നെ ഡൽഹി ലക്ഷ്യമിട്ട് ബി.ജെ.പി.ക്ക് ബദൽ സൃഷ്ടിക്കാൻ മമതാ ബാനർജി ശ്രമിക്കുന്നുണ്ടെങ്കിലും 2019-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ ഏശിയില്ല. പൊതുമിനിമം പരിപാടി ആവിഷ്കരിച്ച് 2024-ലെ തിരഞ്ഞെടുപ്പിനെ യോജിച്ച് നേരിടാനുള്ള നീക്കമാണ് മമതയുടെ നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നത്. ബംഗാളിൽ ടി.എം.സി.യെ വൻവിജയത്തിലെത്തിച്ച തിരഞ്ഞെടുപ്പുതന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് തിരശ്ശീലയ്ക്കുപിന്നിൽ. പ്രശാന്തിന് പ്രതിപക്ഷനേതാക്കളായ ശരദ് പവാർ, രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി, ക്യാപ്റ്റൻ അമരീന്ദർ സിങ്‌, എം.കെ.സ്റ്റാലിൻ, ജഗൻമോഹൻ റെഡ്ഡി തുടങ്ങിയവരുമായുള്ള ബന്ധം ഈ നീക്കത്തിന് ഇന്ധനമാണ്. മുതിർന്നനേതാക്കളെ നേരിൽ കാണുന്നത് കൂടാതെ ഡൽഹി സന്ദർശനത്തിനിടയിൽ മമത ബംഗ ഭവനിൽ പ്രതിപക്ഷനേതാക്കളുടെ യോഗം വിളിക്കുന്നുണ്ട്.