കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ചതായി സംസ്ഥാനസർക്കാർ വൃത്തങ്ങൾ പറഞ്ഞു. ചൊവ്വാഴ്ച മമത ന്യൂഡൽഹിയിലേക്കു പുറപ്പെടും.
2018 മേയ്‌ക്കു ശേഷം രണ്ടു നേതാക്കളും തമ്മിൽ കണ്ടിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ബി.ജെ.പി.-തൃണമൂൽ നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോരുണ്ടായിരുന്നു. മോദിക്കെതിരേ രൂക്ഷമായ പരാമർശങ്ങളാണ് മമത നടത്തിയത്. ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ നേതാക്കൾക്കെതിരേയും മമതയുടെ അടുത്തയാളായി കരുതപ്പെടുന്ന മുൻ കൊൽക്കത്ത കമ്മിഷണർ രാജീവ് കുമാറിനെതിരേയും ഉണ്ടായ സി.ബി.ഐ. നടപടികളും ബന്ധത്തെ ബാധിച്ചിരുന്നു.
അതിനിടെ, കൂടിക്കാഴ്ചയ്ക്ക് മമതസമയം ചോദിച്ചതിനെ പരിഹസിച്ച് ബി.ജെ.പി. രംഗത്തെത്തി. അവസരവാദ രാഷ്ട്രീയത്തിന്റെ നല്ല ഉദാഹരണവും സി.ബി.ഐ.യുടെ പിടിയിൽനിന്നു സ്വയം രക്ഷപ്പെടാനുള്ള മമതയുടെ ശ്രമവുമാണിതെന്ന് ബി.ജെ.പി. നേതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ, സംസ്ഥാനത്തെ വികസനവിഷയങ്ങൾ ചർച്ച ചെയ്യാനാണ് മമത മോദിയെ കാണുന്നതെന്നും ബി.ജെ.പി.യുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
Content Highlights: Mamata likely to meet PM Modi tomorrow