ന്യൂഡൽഹി: വെള്ളിയാഴ്ച പശ്ചിമബംഗാളിലെ ‘യാസ്’ ചുഴലിക്കാറ്റ് ബാധിതപ്രദേശങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി വിളിച്ച യോഗം മുഖ്യമന്ത്രി മമതാ ബാനർജി ബഹിഷ്കരിക്കുകയായിരുന്നു എന്ന ആരോപണവുമായി കേന്ദ്രസർക്കാർ. മറ്റൊരു യോഗത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് ചുഴലിക്കാറ്റ് അവലോകനയോഗത്തിലിരിക്കാതെ പോയതെന്ന മമതയുടെ അവകാശവാദത്തിന്റെ മുനയൊടിക്കാൻ ഒമ്പതിന പ്രസ്താവനയാണ് കേന്ദ്രം ഇറക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി വൈകിയെത്തി, തനിക്കു കാത്തിരിക്കേണ്ടിവന്നു, പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് ആദ്യം ലാൻഡ് ചെയ്യാനായി തന്റേത് 20 മിനിറ്റ് ആകാശത്ത് വട്ടമിട്ടുകൊണ്ടിരുന്നു തുടങ്ങി മമത പറഞ്ഞ ഓരോ കാര്യങ്ങൾക്കും മറുപടിയുമായാണ് കേന്ദ്രമെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ യാത്രാപരിപാടി അറിയിച്ചില്ല എന്ന മമതയുടെ പ്രസ്താവനയ്ക്ക് ചുഴലിക്കാറ്റ് വീശുംമുമ്പ് അത് നിശ്ചയിക്കാനാവുമോ എന്ന മറുചോദ്യമാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളുന്നയിച്ചത്.

പശ്ചിമ മേദിനിപ്പുരിലെ കാലൈകുണ്ടയിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. ഉച്ചതിരിഞ്ഞ് 1.59-ന് പ്രധാനമന്ത്രിയെത്തി. മമത 2.10-നാണെത്തിയത്. മമതയാണ് പ്രധാനമന്ത്രിയെ കാത്തുനിർത്തിച്ചത്. പ്രധാനമന്ത്രിയെ കാത്തുനിർത്തിക്കുന്നത് വലിയ കാര്യമല്ലെന്ന് തൃണമൂൽ എം.പി. ട്വീറ്റ് ചെയ്തിട്ടുണ്ടെന്നും സർക്കാർകേന്ദ്രങ്ങൾ പറഞ്ഞു.

പ്രധാനമന്ത്രിയെക്കണ്ട മമത 25 മിനിറ്റുകഴിഞ്ഞ് പോയി. പ്രധാനമന്ത്രി മടങ്ങുംമുമ്പേ അവർ മടങ്ങിയത് പ്രോട്ടോകോൾ ലംഘനമാണ്. പ്രധാനമന്ത്രിയുടെ അനുമതി തേടിയിട്ടല്ല അവർ പോയത്. യോഗത്തിൽ പങ്കെടുക്കാമെന്ന് മമത സമ്മതിച്ചിരുന്നതാണ്. എന്നാൽ, തൃണമൂൽ വിട്ട് ബി.ജെ.പി.യിൽ ചേർന്ന ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയും യോഗത്തിനുണ്ടാകും എന്നറിഞ്ഞതോടെയാണ് അവർ ഇറങ്ങിപ്പോയതെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.

Content Highlights: Mamata Banerjee West Bengal