ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുദിവസത്തേക്ക് വിലക്കി. മുസ്‌ലിം വോട്ടുകളെകുറിച്ചുള്ള പരാമർശത്തിലൂടെ ചട്ടലംഘനം നടത്തി, കേന്ദ്രസുരക്ഷാസേനകൾക്കെതിരേ കലാപംനടത്താൻ വോട്ടർമാരെ പ്രേരിപ്പിച്ചു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. തിങ്കഴാഴ്ച രാത്രി എട്ടുമുതൽ ചൊവ്വാഴ്ച രാത്രി എട്ടുവരെയാണ് വിലക്ക്.

ഇത്തരം പ്രസ്താവനകൾ സംസ്ഥാനത്ത് ഗുരുതര ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണെന്നും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽവരുന്ന കാലഘട്ടത്തിൽ പരസ്യമായി സംസാരിക്കുമ്പോൾ അത്തരം പ്രസ്താവനകൾ ശരിയല്ലെന്നും കമ്മിഷൻ ഉത്തരവിൽ പറയുന്നു.

കമ്മിഷൻറെ തീരുമാനം ഭരഘടനാവിരുദ്ധമാണെന്നും ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കൊൽക്കത്തയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണയിരിക്കുമെന്ന് മമത ട്വീറ്റ് ചെയ്തു. സംഭവത്തെ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് വിശേഷിപ്പിച്ച തൃണമൂൽ കോൺഗ്രസ്, തിരഞ്ഞെടുപ്പു കമ്മിഷൻ ബി.ജെ.പിക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു.

Content Highlights: Mamata Banerjee West Bengal