കൊൽക്കത്ത: പശ്ചിമബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പിന്റെ രണ്ടുദിവസംമുമ്പ് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെയും നാല് ഐ.പി.‌എസ്. ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പു കമ്മിഷൻ സ്ഥലംമാറ്റി. അഡീഷണൽ ഡയറക്ടർ ജനറൽ സഞ്ജയ് സിങ്, ജില്ലാ മജിസ്‌ട്രേറ്റും ജാർഗ്രാം ജില്ലാ തിരഞ്ഞെടുപ്പ്‌ ഓഫീസറുമായ ആയേഷ റാണി, പോലീസ് സൂപ്രണ്ട് അവിജിത്ത് ബാനർജി, കെ. കണ്ണൻ, ഡെപ്യൂട്ടി കമ്മിഷണർ സുധീർ നീൽകാന്ത എന്നിവരെയാണ് സ്ഥലംമാറ്റിയത്. ഇവർക്കു പകരം ഉദ്യോഗസ്ഥരെ നിയമിച്ചു.

ശനിയാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ്. ജാർഗ്രാം ജില്ലയിൽ 127 കമ്പനി കേന്ദ്രസേനയെ വിന്യസിക്കാനും തീരുമാനിച്ചതായി കമ്മിഷൻ അറിയിച്ചു.

അതേസമയം, ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിനുപിന്നാലെ ബി.ജെ.പി.ക്കും തിരഞ്ഞെടുപ്പു കമ്മിഷനുംനേരെ വിമർശനവുമായി മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രവർത്തനങ്ങളിൽ ബി.ജെ.പി. ഇടപെടുന്നതായി ഡാന്റണിൽ പൊതുയോഗത്തിൽ മമത ആരോപിച്ചു. ‘‘തിരഞ്ഞെടുപ്പു കമ്മിഷൻ ബി.ജെ.പി.യുടെ കമ്മിഷനായിക്കഴിഞ്ഞു. ഡാന്റണിലേക്കുള്ള യാത്രയ്ക്കിടയാണ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തെക്കുറിച്ചുവരെ ഞാനറിഞ്ഞത്. ഇതുകൊണ്ടൊന്നും ഞങ്ങളുടെ വിജയത്തെ തടയാൻ സാധിക്കില്ല. ജനം ഞങ്ങളുടെ കൂടെയാണ്’’ -മമത പറഞ്ഞു.

Content Highlights: Mamata Banerjee West Bengal