ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കുനേരെ ആസൂത്രിത ആക്രമണമുണ്ടായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. മമതയുടെ കാലിനു പരിക്കേറ്റത് സുരക്ഷാവീഴ്ച കാരണമാണെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. ഇതിനുത്തരവാദികളായ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് കമ്മിഷൻ ഉത്തരവിട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് നിരീക്ഷകന്റെയും ചീഫ് സെക്രട്ടറിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

പൂർവ മേദിനിപ്പുർ കളക്ടറെയും എസ്.പി.യെയും നീക്കി പകരം വേറെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. എസ്.പി. പ്രവീൺ പ്രകാശിനെയും മമതയുടെ സുരക്ഷാഡയറക്ടറായ വിവേക സഹായിയെയും സസ്പെൻഡ് ചെയ്തു.

നന്ദിഗ്രാമിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായ മമത പത്രിക നൽകാനെത്തിയപ്പോഴാണ് തിക്കിലും തിരക്കിലുംപെട്ട് കാലിനു പരിക്കേറ്റത്. സെഡ് പ്ലസ് സുരക്ഷയുള്ള മമതയെ വേണ്ടവിധം സംരക്ഷിക്കുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെപേരിൽ ഒരാഴ്ചയ്ക്കം കുറ്റംചുമത്തണമെന്ന് കമ്മിഷൻ നിർദേശിച്ചു. സഹായിയുടെ കീഴിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മൂന്നു ദിവസത്തിനുള്ളിൽ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

പൂർവ മേദിനിപ്പുർ ജില്ലാ മജിസ്ട്രേറ്റ് വിബു ഗോയലിെന മാറ്റി, സ്മിത പാണ്ഡെയെ നിയമിക്കും. പ്രവീൺ പ്രകാശിനു പകരം സുനിൽ കുമാർ യാദവിനെ എസ്.പി.യായും നിയമിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കഴിഞ്ഞ പത്തിനാണ് മമതയ്ക്ക് പരിക്കേറ്റത്. താൻ ആക്രമണത്തിനിരയായി എന്നായിരുന്നു മമതയുടെ വാദം.

Content Highlights: Mamata Banerjee West Bengal