കൊൽക്കത്ത: പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ‘വിഹിതം പറ്റലി’നെതിരേ മുഖ്യമന്ത്രി മമതാ ബാനർജിയെടുത്ത നടപടികൾ അവർക്കുതന്നെ കുരുക്കായേക്കും. ബി.ജെ.പി.യും കോൺഗ്രസും സി.പി.എമ്മും മമതയ്ക്കെതിരേ രംഗത്തെത്തി.
സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളിൽനിന്നു മമതയുടെ പാർട്ടിയായ തൃണമൂലിന്റെ പ്രവർത്തകർ ‘കട്ട് മണി’ എന്ന പേരിൽ പണം വാങ്ങുന്നു എന്ന ആരോപണമാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇങ്ങനെ പണംപിടുങ്ങുന്നതു നിർത്തണമെന്നു പാർട്ടിതന്നെ നേതാക്കളോട് ആവശ്യപ്പെട്ടു. വാങ്ങിയ പണം തിരിച്ചുകൊടുക്കാനും നിർദേശിച്ചു.
വിവിധ തൃണമൂൽ നേതാക്കൾക്കും എം.എൽ.എ.മാർക്കുമെതിരേ പ്രതിഷേധമുയർന്നു. നാൽപ്പതിലേറെ പ്രതിഷേധപ്രകടനങ്ങൾ നടന്നു. ജനരോഷം ഭയന്നു ചിലർ പണം തിരിച്ചുകൊടുത്തു. മറ്റുചിലർ അതു തിരിച്ചുകൊടുക്കാമെന്നു എഴുതിക്കൊടുത്തു.
ജനഹിതം മനസ്സിലാക്കിയ സർക്കാർ, പണംപിടുങ്ങിയവർക്കെതിരേ ഐ.പി.സി. 409-ാം വകുപ്പനുസരിച്ചു ക്രിമിനൽകേസെടുക്കാൻ നിർദേശിച്ചു. ജീവപര്യന്തം തടവുവരെ ശിക്ഷകിട്ടാവുന്ന വകുപ്പാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയോടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ മമത നടത്തിയ ഈ ശ്രമം ഇപ്പോൾ അവരുടെ നേതാക്കളിൽ പലരെയും ജയിലിലാക്കുകയാണ്. ആയിരത്തഞ്ഞൂറോളം പരാതികളാണു കിട്ടിയിരിക്കുന്നത്. 18 തൃണമൂൽ നേതാക്കൾ അറസ്റ്റിലായി. വൈകാതെ നൂറിലേറെപ്പേർ ജയിലിലാകുമെന്നാണുറിപ്പോർട്ട്. പരാതി പറയാൻ സർക്കാർ പ്രത്യേക ടോൾ ഫ്രീ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിവിശേഷം ഇടതുമുന്നണിയുടെ അവസാനകാലമാണ് ഓർമിപ്പിക്കുന്നതെന്നു രാഷ്ട്രീയനിരീക്ഷകനായ അനിൽകുമാർ ജന പറയുന്നു. അനിഷേധ്യശക്തിയായി ബി.ജെ.പി. ഉയർന്നുവരുന്നു. വിഹിതംപറ്റൽ വിഷയത്തിൽ തൃണമൂലിനെതിരേ ജനവികാരം ഉയർത്തിവിടുന്നുണ്ട് അവർ. ശാരദ ചിട്ടിതട്ടിപ്പിലും നാരദ ഒളിക്യാമറ വിവാദത്തിലുംപെട്ടത് പാർട്ടിയിലെ ഉന്നതരാണ്. ഇപ്പോൾ താഴെത്തട്ടിലുള്ള കൗൺസിലർമാരും പഞ്ചായത്തംഗങ്ങളും മാത്രം അഴിമതിക്കാരാണെന്നാണു തൃണമൂൽ പറയുന്നത്.
മമത സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. തൃണമൂൽ കഴുത്തോളം അഴിമതിയിലാണെന്നുള്ള തുറന്ന സമ്മതമാണ് ‘കട്ട് മണി’ സംഭവമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിമും പറയുന്നു.
Content HighlighytS; Mamata Banerjee, West Bengal