കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മത്സരിക്കാനുള്ള തീരുമാനം തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി പ്രഖ്യാപിച്ചത് അത്യന്തം നാടകീയമായി. നന്ദിഗ്രാമിന്റെ വികസനപ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്താൻ പറ്റിയ ഒരു സ്ഥാനാർഥിയെ നിങ്ങൾക്കു തരാം എന്നു പറഞ്ഞതിനുശേഷം ജനക്കൂട്ടത്തോടായി ഈ മണ്ഡലത്തിൽനിന്ന് ഞാൻ മത്സരിച്ചാൽ എങ്ങനെയുണ്ടാവുമെന്ന് അവർ ചോദിച്ചു. മറുപടിയായി ജനം ആഹ്ളാദാരവമുയർത്തി. ‘‘തൃണമൂലിന് പുനർജന്മം നൽകിയ സ്ഥലമാണ് നന്ദിഗ്രാം. ഏറ്റവും പവിത്രമായ സ്ഥലമാണിത്. എന്റെ ഭാഗ്യ ഇടവുമാണ്. ഇവിടെനിന്നുള്ള സ്ഥാനാർഥിയായി എന്റെ പേര് പരിഗണിക്കാൻ സംഘടനാ ജനറൽ സെക്രട്ടറി സുബ്രത ബക്ഷിയോട് അഭ്യർഥിക്കുന്നു’’ -മമത പറഞ്ഞു. പിന്നാലെ നടന്ന ബക്ഷിയുടെ പ്രഖ്യാപനത്തെ കാണികൾ എഴുന്നേറ്റുനിന്ന് സ്വീകരിച്ചു.

‘‘തിരഞ്ഞെടുപ്പിന് അധികസമയം എനിക്കിവിടെ ചെലവഴിക്കാൻ പറ്റില്ല. ആകെ 294 മണ്ഡലങ്ങളിലെ കാര്യം നോക്കേണ്ടതുണ്ട്. അതുകൊണ്ട് ജയിപ്പിക്കാൻവേണ്ടത് നിങ്ങൾ ചെയ്യണം. അതു കഴിഞ്ഞുള്ള കാര്യങ്ങൾ ഞാൻ ഏറ്റു’’ -മമത പറഞ്ഞു. സ്ഥിരം മണ്ഡലമായ ഭവാനിപ്പുരും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും രണ്ടു മണ്ഡലങ്ങളിലും മത്സരിക്കാൻ പറ്റുമോയെന്ന് പരിശോധിക്കുമെന്നും അവർ പറഞ്ഞു.

ശുഭേന്ദു അധികാരിയുടെ പേരുപറയാതെ മമത അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചു. ‘‘രാഷ്ട്രീയത്തിൽ ത്യാഗികളായവരും അത്യാഗ്രഹികളായവരും ഉണ്ട്. ത്യാഗികളായവർ എല്ലാക്കാലത്തും ക്ളേശങ്ങൾ സഹിച്ച് പ്രസ്ഥാനത്തോടൊപ്പം നിൽക്കും. മറ്റു ചിലർ പണം സമ്പാദിച്ചുകൊണ്ടിരിക്കും. ഇങ്ങനെ കൂട്ടിവെച്ച പണം സുരക്ഷിതമായി വെക്കാനുള്ള സ്ഥലം അന്വേഷിച്ച് അവർ പോകും’’ -മമത പറഞ്ഞു. യോഗം തുടങ്ങുന്നതിന് മുൻപായി നടന്ന ഔദ്യോഗിക പരിപാടിയിൽ നന്ദിഗ്രാം പ്രക്ഷോഭകാലത്ത് കാണാതായവരുടെ കുടുംബാംഗങ്ങൾക്ക് നാലുലക്ഷം രൂപവീതം സഹായധനം അവർ വിതരണം ചെയ്തു.

മമതയുടെ പ്രഖ്യാപനം ബി.ജെ.പിയെ ഞെട്ടിക്കാൻ പോന്നതാണ്. പാർട്ടി തന്നെ സ്ഥാനാർഥിയാക്കിയാൽ മമതയെ അരലക്ഷം വോട്ടിനെങ്കിലും തോൽപ്പിക്കുമെന്ന് ശുഭേന്ദു അധികാരിയും തിരിച്ചടിച്ചതോടെ നന്ദിഗ്രാമിന് വി.ഐ.പി. പരിഗണനയാണ് കൈവന്നിരിക്കുന്നത്.

Content Highlights: Mamata Banerjee BJP