ന്യൂഡൽഹി/കൊൽക്കത്ത: രാജ്യത്തെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചുനടത്തുന്നത് ചർച്ച ചെയ്യാൻ ബുധനാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നതിൽ കേന്ദ്രസർക്കാർ ആദ്യം ധവളപത്രമിറക്കുകയാണു വേണ്ടതെന്നും മമത അഭിപ്രായപ്പെട്ടു.
ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്തുന്നതുപോലെയുള്ള ഗൗരവമേറിയ വിഷയത്തിൽ പെട്ടെന്നു തീരുമാനമെടുക്കുന്നത് നീതിയല്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഭരണഘടന-തിരഞ്ഞെടുപ്പു വിദഗ്ധരുമായി ചർച്ച നടത്തേണ്ടതുണ്ടെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രൾഹാദ് ജോഷിക്കയച്ച കത്തിൽ മമത പറഞ്ഞു. ധവളപത്രമിറക്കി എല്ലാ രാഷ്ട്രീയപാർട്ടികളിൽനിന്നും നിർദേശങ്ങൾ ക്ഷണിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ലോക്സഭയിലോ രാജ്യസഭയിലോ ഒരംഗമെങ്കിലുമുള്ള പാർട്ടികളുടെ നേതാക്കളെയാണു യോഗത്തിലേക്കു മോദി ക്ഷണിച്ചിട്ടുള്ളത്. ഒറ്റത്തിരഞ്ഞെടുപ്പിനു പുറമേ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷ പരിപാടികളും 2022-ൽ ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും യോഗത്തിൽ ചർച്ചയാകും.
മേയിൽ നടന്ന മോദിയുടെ സ്ഥാനാരോഹണച്ചടങ്ങിലും ശനിയാഴ്ച നടന്ന നീതി ആയോഗിന്റെ യോഗത്തിലും മമത പങ്കെടുത്തിരുന്നില്ല. കഴമ്പില്ലാത്ത യോഗമെന്നാണു നീതി ആയോഗ് യോഗത്തെ മമത വിശേഷിപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബി.ജെ.പി. നേട്ടം കൊയ്തതിനുപിന്നാലെ ഇരു പാർട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു.
Content Highlights: Mamata Banerjee, All party meet