മുംബൈ: കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞാസിങ് ഠാക്കൂർ വിചാരണയ്ക്ക് എത്തിയില്ല. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതുകാരണമാണ് പ്രജ്ഞാസിങ്ങിന് എത്താനാവാതിരുന്നതെന്ന് അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

മഹാരാഷ്ട്രയിൽ നാസിക്കിനടുത്തുള്ള മാലേഗാവിൽ ഹമീദിയ പള്ളിക്കടുത്ത് 2008 സെപ്റ്റംബർ 29-ന് രണ്ടുസ്ഫോടനങ്ങളിൽ ഏഴുപേർ കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഈ മാസം ആദ്യമാണ് മുംബൈയിലെ കോടതി പുനരാരംഭിച്ചത്. വാദം തുടർച്ചയായി കേൾക്കുമെന്നും പ്രതികളെല്ലാം ഡിസംബർ മൂന്നിന് ഹാജരാകണമെന്നും കോടതി പറഞ്ഞിരുന്നെങ്കിലും പ്രജ്ഞാസിങ് ഉൾപ്പെടെ നാലുപ്രതികൾ എത്തിയില്ല. തുടർന്ന് ഡിസംബർ 19-ന് പ്രതികളെല്ലാം ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.

എന്നാൽ, ശനിയാഴ്ചയും പ്രജ്ഞാസിങ് എത്തിയില്ല. ബി.ജെ.പി.യുടെ പാർലമെന്റംഗമായ പ്രജ്ഞാസിങ് ഠാക്കൂർ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണെന്നും വൈദ്യപരിശോധനയ്ക്കായി വെള്ളിയാഴ്ച അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണെന്നും അഭിഭാഷകൻ ജെ.പി. മിശ്ര കോടതിയെ അറിയിച്ചു.

മറ്റൊരു പ്രതിയായ സുധാകർ ചതുർവേദിയും എത്തിയില്ല. വ്യക്തിപരമായ പ്രയാസങ്ങളാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കാരണമായി പറഞ്ഞത്. രണ്ടുപ്രതികൾ എത്താത്തതിൽ അതൃപ്തി പ്രകടിപ്പിച്ച എൻ.ഐ.എ. കോടതി ജഡ്ജി പി.ആർ. സിത്രേ മുഴുവൻ പ്രതികളോടും ജനുവരി നാലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മാലേഗാവിൽ റംസാൻ നാളിൽ പ്രാർഥനകഴിഞ്ഞിറങ്ങുന്നവർ കൊല്ലപ്പെട്ട സ്ഫോടനത്തിനുപിന്നിൽ അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദി സംഘടനയാണെന്നായിരുന്നു മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധസേനയുടെ കണ്ടെത്തൽ. പിന്നീട് അന്വേഷണം ഏറ്റെടുത്ത എൻ.ഐ.എ. പ്രജ്ഞാസിങ് ഠാക്കൂർ ഉൾപ്പെടെ ഏഴുപ്രതികൾക്കുമെതിരേ 2018 ഒക്ടോബറിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഇഴഞ്ഞുനീങ്ങുകയാണ്.

വിചാരണനടപടികൾ അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരേ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഒരാളുടെ ബന്ധു നൽകിയ ഹർജി പരിഗണിച്ചാണ് കേസിൽ തുടർച്ചയായി വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്. പ്രജ്ഞാസിങ് അവസാനമായി കോടതിയിൽ ഹാജരായത് കഴിഞ്ഞവർഷം ജൂണിലാണ്.

content highlights: malegaon case;pragya singh skips court