ന്യൂഡൽഹി: കോവിഡ്കാലത്ത് സുപ്രീംകോടതി സ്വീകരിച്ച നടപടികളെ പ്രകീർത്തിച്ച് കത്തയച്ച മലയാളിപ്പെൺകുട്ടിക്ക് ആശംസയറിയിച്ച് ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ മറുപടി. തൃശ്ശൂർ കേന്ദ്രീയവിദ്യാലയത്തിലെ അഞ്ചാംക്ലാസുകാരി ലിഡ്വിന ജോസഫിനാണ് ചീഫ് ജസ്റ്റിസിന്റെ മറുപടിക്കത്ത് ലഭിച്ചത്. ആശംസയ്ക്കൊപ്പം സ്വന്തം കൈയൊപ്പ് ചാർത്തിയ ഭരണഘടനയുടെ പതിപ്പും അദ്ദേഹം അയച്ചുകൊടുത്തു.

കഴിഞ്ഞമാസം അവസാനത്തോടെയാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസിലേക്ക് ലിഡ്വിനയുടെ കത്തെത്തിയത്. ജഡ്‌ജി മേശപ്പുറത്തടിക്കുന്ന ചുറ്റിക കൊണ്ട് കൊറോണ വൈറസിനെ ഇടിക്കുന്ന ചിത്രവും കത്തിലുണ്ടായിരുന്നു.

സാധാരണ ജനങ്ങൾ കോവിഡ് ബാധിച്ച് മരിക്കുമ്പോൾ ഓക്സിജൻ നൽകി ജീവൻ രക്ഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത് പത്രത്തിൽ വായിച്ചതായി ലിഡ്വിനയുടെ കത്തിൽ പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സുപ്രീംകോടതി കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചതിന് നന്ദിയും സന്തോഷവും അഭിമാനവുമുണ്ടെന്നും എഴുതി.

ജഡ്‌ജി ജോലി ചെയ്യുന്നതിന്റെ ഹൃദയസ്പർശിയായ ചിത്രം സഹിതം മനോഹരമായ കത്ത് ലഭിച്ചതായി ചീഫ് ജസ്റ്റിസിന്റെ മറുപടിയിൽ പറഞ്ഞു. രാജ്യത്ത് നടക്കുന്ന കാര്യങ്ങളിൽ ലിഡ്വിന ശ്രദ്ധപുലർത്തുന്നതും മഹാമാരിക്കാലത്ത് ജനങ്ങളുടെ ക്ഷേമത്തിൽ താത്പര്യം കാണിക്കുന്നതും മതിപ്പുളവാക്കുന്നതാണ്. രാഷ്ട്രനിർമാണത്തിനായി വലിയ സംഭാവനകൾ നൽകുന്ന ഉത്തരവാദിത്വമുള്ള പൗരയായി ലിഡ്വിന വളരുമെന്ന് തനിക്കുറപ്പുണ്ടെന്നും ജസ്റ്റിസ് രമണ എഴുതി.