reshmaമുംബൈ: മലയാളി വീട്ടമ്മ ആറു വയസ്സുള്ള മകനോടൊപ്പം കെട്ടിടത്തിന്റെ 12-ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ അയൽക്കാരൻ അറസ്റ്റിലായി. യുവതി എഴുതിയ ആത്മഹത്യാ കുറിപ്പാണ് അറസ്റ്റിലേക്ക് നയിച്ചത്. താഴത്തെ നിലയിൽ താമസിക്കുന്ന 67-കാരനായ അയൂബ്ഖാൻ, ഭാര്യ, മകൻ ശതാബ് എന്നിവർക്കെതിരെയാണ് ആത്മഹത്യക്കുറിപ്പിൽ പരാമർശമുള്ളത്. ശതാബാണ് അറസ്റ്റിലായത്.

ചാന്ദിവിലിയിലെ നഹർ അമൃത് ശക്തി റോഡിലെ തുലിപിയ കെട്ടിടത്തിലെ 12-ാം നിലയിൽ താമസിച്ചിരുന്ന രേഷ്മയും മകൻ ഗരുഡുമാണ് തിങ്കളാഴ്ച വെളുപ്പിന് ആത്മഹത്യ ചെയ്തത്. അടുത്തിടെയാണ് രേഷ്മയുടെ ഭർത്താവും അവരുടെ അച്ഛനും അമ്മയും കോവിഡ് ബാധിച്ചു മരിച്ചത്. ആത്മഹത്യ ചെയ്യാൻ കാരണം അയൽക്കാരുടെ നിരന്തരമായ ഉപദ്രവമായിരുന്നെന്ന് മരിക്കുന്നതിനു മുൻപ് എഴുതിവെച്ച കുറിപ്പിൽ ആരോപിക്കുന്നു.

യുവതിയെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിച്ചെന്ന കേസിലാണ് ദമ്പതികൾക്കും അവരുടെ മകനുമെതിരേ എഫ്‌.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. രേഷ്മയും ഭർത്താവും മകനും ഏപ്രിൽ 10-നാണ് ചാന്ദിവ്‌ലിയിലെ പുതിയ ഫ്ലാറ്റിൽ താമസിക്കാനെത്തുന്നത്. ഫ്ലാറ്റിന് താഴെ താമസിക്കുന്ന കുടുംബവുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ആറു വയസ്സുള്ള മകൻ കളിക്കുകയും പാട്ടിനൊപ്പം ഡാൻസ് അഭ്യസിക്കുകയും ചെയ്തിരുന്ന ശബ്ദത്തിൽ പ്രകോപിതരായ കുടുംബം സൊസൈറ്റി ഭാരവാഹികൾക്ക് മുമ്പാകെ പരാതി നൽകിയിരുന്നു.

സംഭവത്തിനുശേഷം മേഖലാ ഡെപ്യൂട്ടി കമ്മിഷണർ മഹേശ്വർ റെഡ്ഡിയും അസിസ്റ്റന്റ് പോലീസ് കമ്മിഷണറും (അന്ധേരി) സംഭവസ്ഥലം സന്ദർശിച്ച് തുടർനടപടികൾക്ക് നിർദേശം നൽകി. സൊസൈറ്റി വാച്ച്മാനും നിരന്തരം ഇവരെ ഇതിന്റെപേരിൽ ശല്യപ്പെടുത്തിയിരുന്നെന്നും കുറിപ്പിൽ പറയുന്നു. മൃതദേഹങ്ങൾ രാജവാഡി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം രാമപുരം സ്വദേശിയാണ് രേഷ്മ. അമേരിക്കയിലുള്ള സഹോദരൻ വെള്ളിയാഴ്ച മുംബൈയിൽ എത്തിയതിനുശേഷമായിരിക്കും ശവസംസ്കാരം.