വാരാണസി: തീർഥാടനനഗരമായ വാരാണസിയിലെ റെയിൽവേസ്റ്റേഷനിൽ മലയാളം, തമിഴ്, തെലുഗു, കന്നട എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലും ഇനിമുതൽ അറിയിപ്പുകൾ കേൾക്കാം. ഹിന്ദിയിതര ഭാഷ സംസാരിക്കുന്നവർ, പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാർ ധാരാളമായി വാരാണസിയിലെത്താറുണ്ട്. ഹിന്ദിയിലുള്ള അറിയിപ്പുകൾ മനസ്സിലാക്കാൻ ഇവർ ബുദ്ധിമുട്ടുന്നതിനാലാണ് പുതിയ സജ്ജീകരണമെന്ന് റെയിൽവേ അറിയിച്ചു.

തുടക്കത്തിൽ മലയാളമുൾപ്പെടെ നാലു ഭാഷകളിലാണ് അറിയിപ്പുനൽകുക. പിന്നീട് ഒഡിയ, മറാഠി എന്നിവയിലും നൽകും. നവംബർ അവസാനത്തോടെ ഇതു നടപ്പാക്കും. വാരാണസിയിലെത്തുന്ന മറുനാട്ടുകാരായ ഭൂരിഭാഗമാളുകൾക്കും ഹിന്ദിയറിയില്ലെന്നും തീവണ്ടിയുടെ സമയം അറിയുന്നതിനുപോലും ബുദ്ധിമുട്ടുകയാണെന്നും കന്റോൺമെന്റ് സ്റ്റേഷൻ ഡയറക്ടർ ആനന്ദ് മോഹൻ പറഞ്ഞു. ഇതു പുതിയ പരീക്ഷണമാണെന്നും പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽത്തന്നെ തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

Content highlights: Malayalam announcements in Varanasi Railway Station