ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം രാജ്യം വിപുലമായ പരിപാടികളോടെ ബുധനാഴ്ച ആഘോഷിച്ചു. ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ പുഷ്പാർച്ചന നടത്തി.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുതിർന്ന ബി.ജെ.പി. നേതാവ് എൽ.കെ. അദ്വാനി, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, ഹർദീപ് സിങ് പുരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ബി.ജെ.പി. വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ തുടങ്ങിയവരും രാജ്ഘട്ടിലെത്തി.

150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി കോൺഗ്രസ് സംഘടിപ്പിച്ച് ‘ഗാന്ധി സന്ദേശ യാത്ര’യ്ക്ക് രാഹുൽ ഗാന്ധിയും ബി.ജെ.പി.യുടെ ‘സങ്കൽപ്പ് യാത്ര’യ്ക്ക് അമിത് ഷായും നേതൃത്വം നൽകി. പാർലമെന്റിൽ നടന്ന അനുസ്മരണത്തിൽ നരേന്ദ്രമോദി, സോണിയാഗാന്ധി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ലോക്‌സഭാ സ്പീക്കർ ഓം ബിർള, എൽ.കെ. അദ്വാനി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ഗുലാംനബി ആസാദ് തുടങ്ങിയവർ പങ്കെടുത്തു.

ഗാന്ധിയുടെ ആദർശങ്ങൾ നിത്യജീവിതത്തിൽ പകർത്തണമെന്ന് ട്വിറ്ററിലൂടെ ഉപരാഷ്ട്രപതി ആഹ്വാനംചെയ്തു.

എല്ലാവരെയും സ്നേഹിക്കണമെന്നും പീഡനം, വെറുപ്പ് തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള മാർഗം അഹിംസയാണെന്നും സ്വന്തം വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും കാണിച്ചുതന്ന മഹാനാണ് ഗാന്ധിജിയെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കേന്ദ്ര മന്ത്രാലയങ്ങൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ പരിസരശുചീകരണം ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ നടന്നു.

രാജ്യം നന്ദിപറയുന്നു

സമൂഹത്തിനു നൽകിയ ശാശ്വത സംഭാവനയ്ക്ക് ഗാന്ധിജിയോട് രാജ്യം നന്ദിപ്രകടിപ്പിക്കുന്നു. ഗാന്ധിജിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും അതുവഴി മികച്ച ലോകം സൃഷ്ടിക്കാനും തുടർന്നും കഠിനാധ്വാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുന്നു. അദ്ദേഹത്തിന്റെ സമാധാനസന്ദേശങ്ങൾക്ക് ലോകത്തിൽ ഇപ്പോഴും പ്രസക്തിയുണ്ട്

-പ്രധാനമന്ത്രി നരേന്ദ്രമോദി

Content Highlights: Mahathma Gandhi India