മുംബൈ: മഹാരാഷ്ട്രയിൽ ഈ വർഷം ജനുവരിമുതൽ മാർച്ചവരെയുള്ള മൂന്നുമാസക്കാലത്ത് ആത്മഹത്യചെയ്തത് 610 കർഷകർ. സംസ്ഥാനം കടുത്ത വരൾച്ചയിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ കർഷക ആത്മഹത്യ പെരുകുമെന്ന ആശങ്കയിലാണ് അധികൃതർ.

വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് മഹാരാഷ്ട്ര സർക്കാർ ഈ വർഷത്തെ ആത്മഹത്യയുടെ കണക്കുകൾ വെളിപ്പെടുത്തിയത്. ഇതനുസരിച്ച് അമരാവതി ഡിവിഷനിലാണ് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടന്നത്. മൂന്നുമാസംകൊണ്ട് 227 പേരാണ് ജീവനൊടുക്കിയത്. ഔറംഗബാദിൽ 198 പേരും നാസിക്കിൽ 119 പേരും നാഗ്പുരിൽ 38 പേരും പുണെയിൽ 29 പേരും മരിച്ചു.

കൊങ്കൺ മേഖലയിൽ കർഷക ആത്മഹത്യകളൊന്നുമുണ്ടായിട്ടില്ല. കടാശ്വാസമുൾപ്പെടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾക്കൊന്നും ആത്മഹത്യ തടയാൻ കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴും സംസ്ഥാനത്ത് ദിവസം ശരാശരി ഏഴു കർഷകരാണ് ജീവനൊടുക്കുന്നത്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 1995 മുതൽ 2013 വരെയുള്ള കാലത്ത് 60,750 കർഷകരാണ് മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത്. 2014 മുതൽ 18 വരെയുള്ള അഞ്ചുവർഷക്കാലത്ത് 14,034 കർഷകർ ജീവനൊടുക്കി. ദിവസം ശരാശരി എട്ടുപേർ.

കടക്കെണിയിൽപ്പെട്ട കർഷകർക്ക് ആശ്വാസമേകുന്നതിന് സംസ്ഥാനസർക്കാർ 2017-ൽ 34,022 കോടി രൂപയുടെ കടാശ്വാസപദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിനുശേഷവും ആത്മഹത്യയിൽ വലിയ കുറവുവന്നിട്ടില്ലെന്ന് കണക്കുകളിൽനിന്നു വ്യക്തമാകുന്നു. ഈ വർഷം സംസ്ഥാനം കടുത്ത വരൾച്ചയിലേക്കു നീങ്ങുകയാണെന്നാണ് കാലാവസ്ഥാനിരീക്ഷണ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇതു കൃഷിനാശം വർധിക്കാനും ആത്മഹത്യകൾ പെരുകാനും വഴിയൊരുക്കുമെന്നാണ് ആശങ്ക.

Content Highlights:Maharasthra Farmers, suicide rate increases