മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന നേതൃത്വംനൽകുന്ന രണ്ടാമത്തെ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കും. ശിവസേന, എൻ.സി.പി., കോൺഗ്രസ് എന്നീ പാർട്ടികളിൽനിന്ന് രണ്ടുമന്ത്രിമാർവീതം വ്യാഴാഴ്ചതന്നെ ചുമതലയേൽക്കും. ദാദറിലെ ശിവജി പാർക്കിൽ വൈകീട്ട് 6.40-നാണ് സത്യപ്രതിജ്ഞാചടങ്ങ്.
ശിവസേനയ്ക്കും എൻ.സി.പി.ക്കും 15 മന്ത്രിമാർ വീതവും കോൺഗ്രസിന് 13 മന്ത്രിമാരും സ്പീക്കർപദവിയും ലഭിക്കും. മൂന്നുപാർട്ടികളിൽനിന്നും ആരൊക്കെയാണ് മന്ത്രിമാരാവുക എന്ന് വ്യക്തമായിട്ടില്ല. എൻ.സി.പി.ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നൽകും. കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ സ്പീക്കറായേക്കും. മന്ത്രിമാരെസംബന്ധിച്ച് ബുധനാഴ്ച രാത്രിവൈകി നടന്ന ചർച്ചയിൽ എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ, നിയുക്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡി.എം.കെ. നേതാവ് സ്റ്റാലിൻ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യുവസേനാ അധ്യക്ഷനും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ ഡൽഹിയിലെത്തിയാണ് സോണിയാഗാന്ധിയെ ക്ഷണിച്ചത്. 700 കർഷകരും മരിച്ച കർഷകരുടെ ഭാര്യമാരും ചടങ്ങിൽ ക്ഷണിതാക്കളാണ്.
നിയുക്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഭാര്യ രശ്മി താക്കറെ എന്നിവർ ബുധനാഴ്ച ഗവർണർ ഭഗത്‌സിങ് കോഷിയാരിയുമായി കൂടിക്കാഴ്ചനടത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 288 നിയമസഭാംഗങ്ങളും ബുധനാഴ്ച സത്യപ്രതിജ്ഞചെയ്തു. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, ഉപമുഖ്യമന്ത്രിപദമൊഴിഞ്ഞ അജിത് പവാർ എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞചെയ്തത്.
മന്ത്രിസ്ഥാനങ്ങളെച്ചൊല്ലി ഭിന്നതയില്ല -കെ.സി. വേണുഗോപാൽ
മുംബൈ: മന്ത്രിസ്ഥാനങ്ങൾ പങ്കിടുന്നതുസംബന്ധിച്ച് മഹാരാഷ്ട്രയിലെ ത്രികക്ഷിസഖ്യത്തിൽ അഭിപ്രായവ്യത്യാസമില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞു. മന്ത്രിമാരെ സംബന്ധിച്ച അന്തിമതീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും. ചർച്ച പൂർത്തിയായിട്ടില്ല. മിക്കകാര്യങ്ങളിലും മൂന്നുപാർട്ടികളും ധാരണയിലെത്തിയിട്ടുണ്ട്. അജിത് പവാറിന് മന്ത്രിസ്ഥാനം നൽകുന്നതിൽ കോൺഗ്രസിന് എതിർപ്പില്ല. ബി.ജെ.പി. എന്ന വിപത്തിനെ നേരിടാനാണ് ശിവസേനയുമായി ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Maharashtra, Udhav Thackarey