മുംബൈ: പാമ്പ് കഴുത്തിൽ ചുറ്റിയെങ്കിലും പേടി മാറ്റിവെച്ച് ആറു വയസ്സുകാരി അനങ്ങാതെ കിടന്നത് രണ്ട് മണിക്കൂറോളം. അവസാനം കടിയേറ്റെങ്കിലും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ രക്ഷപ്പെട്ടു.

മുംബൈയിൽനിന്ന് ഏകദേശം 750 കിലോമീറ്റർ അകലെ വാർധ ജില്ലയിലാണ് അഞ്ചുദിവസം മുമ്പ് സംഭവം നടന്നത്. മൂർഖൻ പാമ്പാണ് പൂർവ ഗഡ്കരി എന്ന കുട്ടിയുടെ കഴുത്തിൽ ചുറ്റിക്കിടന്നത്. അമ്മയോടൊപ്പം രാത്രി നിലത്ത് ഉറങ്ങുകയായിരുന്നു പൂർവ. കുട്ടിയുടെ നിലവിളി കേട്ടാണ് അമ്മയും വീട്ടിലെ മറ്റുള്ളവരും ഉണർന്നത്. എല്ലാവരും ഉറക്കെ നിലവിളിച്ചതോടെ അടുത്തുള്ള വീട്ടുകാരുമെത്തി.

അപ്പോഴേക്കും പാമ്പ് പൂർണമായും പൂർവയുടെ കഴുത്തിൽ ചുറ്റിക്കഴിഞ്ഞിരുന്നു. കുട്ടി പേടിച്ചു പോയെങ്കിലും പാമ്പിനെ പ്രകോപിപ്പിക്കാതിരിക്കാനും പാമ്പുപിടിത്തക്കാർ വരുന്നതുവരെ കിടക്കയിൽ അനങ്ങാതെ കിടക്കാനും കുടുംബാംഗങ്ങളും അയൽക്കാരും അവളോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം കുട്ടി രണ്ടു മണിക്കൂറോളം അനങ്ങാതെ കിടന്നു. അവസാനം പാമ്പ് മെല്ലെ താഴേക്കിറങ്ങാൻ തുടങ്ങിയപ്പോൾ പൂർവ മെല്ലെയൊന്നിളകി. അതോടെ പാമ്പ് അവളുടെ കൈയിൽ കൊത്തുകയും ചെയ്തു. ഉടൻ തന്നെ കുട്ടിയെ സേവാഗ്രാം ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ കഴിയുന്ന പൂർവ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

കുട്ടിയുടെ കഴുത്തിൽ പാമ്പുചുറ്റിയ നിലയിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.