മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പു നടത്തണമെന്ന സുപ്രീംകോടതിയുത്തരവ് ശിവസേന-കോൺഗ്രസ്-എൻ.സി.പി. സഖ്യം സ്വാഗതം ചെയ്തു. ഇത് ജനാധിപത്യത്തിന്റെയും ഭരണഘടനാച്ചട്ടങ്ങളുടെയും ജയമാണെന്ന് സഖ്യം പറഞ്ഞു. വിധി തിരിച്ചടിയല്ലെന്ന് ബി.ജെ.പി. അവകാശപ്പെട്ടു.
മഹാരാഷ്ട്രയിലെ ബി.ജെ.പി. സർക്കാരിനെ തോൽപ്പിക്കാൻ ത്രികക്ഷിസഖ്യത്തിനാകുമോ എന്ന ചോദ്യത്തിന് ‘തീർച്ചയായും’ എന്നായിരുന്നു കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മറുപടി. ജനാധിപത്യമൂല്യങ്ങളും ഭരണഘടനാതത്ത്വങ്ങളും ഉയർത്തിപ്പിടിച്ചതിൽ സുപ്രീംകോടതിയോടു നന്ദിയുണ്ടെന്ന് എൻ.സി.പി. തലവൻ ശരദ് പവാർ പറഞ്ഞു. ഭരണഘടനാദിനത്തിൽത്തന്നെ വിധിവന്നത് ഹൃദയംഗമമായ കാര്യമാണെന്നും ഭരണഘടനാ ശില്പി ബി.ആർ. അംബേദ്കർക്കുള്ള അഞ്ജലിയാണ് അതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാവിഷയങ്ങളിലുള്ള കോടതിവിധി ഒരു രാഷ്ട്രീയപ്പാർട്ടിക്കും തിരിച്ചടിയല്ലെന്ന് ബി.ജെ.പി. വക്താവ് നളിൻ കോഹ്‌ലി പറഞ്ഞു. വിധി മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Maharashtra Political Crisis Supreme Court