മുംബൈ: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതിനാൽ മഹാരാഷ്ട്രയിൽ പലയിടത്തും ലോക്ഡൗൺ പ്രഖ്യാപിക്കാൻ സാധ്യത. 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 25,000-ത്തിലധികമായി. അടുത്ത ദിവസങ്ങളിൽകൂടി ഈനില തുടരുകയാണെങ്കിൽ മുംബൈ അടക്കം പലയിടത്തും ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്നാണ് സർക്കാർവൃത്തങ്ങൾ നൽകുന്നസൂചന.

സംസ്ഥാനത്ത് രോഗികളുടെ എണ്ണം കഴിഞ്ഞദിവസം 25 ലക്ഷം കടന്നു. തിങ്കളാഴ്ച രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 24,645 ആയിരുന്നു. എന്നാൽ ഞായറാഴ്ച രോഗം പിടിപെട്ടത് 30,535 പേർക്കാണ്. അതിനുമുമ്പുള്ള രണ്ട് ദിവസങ്ങളിലും 25,000-ത്തിന് മുകളിലായിരുന്നു രോഗികളുടെ എണ്ണം. ഫെബ്രുവരി ആദ്യവാരത്തിൽ 3000-ത്തിൽ താഴെപേർക്ക് മാത്രം രോഗം സ്ഥിരീകരിക്കാറുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 30,000 കടന്നത്.

ചികിത്സയിലുള്ളവരുടെ എണ്ണമാകട്ടെ 40,000-ത്തിൽനിന്ന് രണ്ടരലക്ഷത്തിലേക്ക് അടുത്തു. മരണസംഖ്യ കുറഞ്ഞു എന്നത് മാത്രമാണ് ആശ്വാസം. ദിവസം 300-ലധികം മരണമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴത് 80-ൽ താഴെയാണ്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 53,457 പേരാണ്. 25 ലക്ഷംപേരിൽ അവസാനത്തെ രണ്ടരലക്ഷം പേർക്ക് രോഗംപിടിപെട്ടത് വെറും 12 ദിവസങ്ങൾക്കുള്ളിലാണ്.

എന്നാൽ അതിനുമുമ്പുള്ള രണ്ടരലക്ഷംപേർ ഈ പട്ടികയിലേക്കെത്തിയത് 48 ദിവസംകൊണ്ടാണ്. രാജ്യത്ത് ചികിത്സയിൽ കഴിയുന്നരോഗികളിൽ 63 ശതമാനവും മഹാരാഷ്ട്രയിലാണ്. മുംബൈ, പുണെ, നാഗ്പുർ, ഔറംഗാബാദ്, നാസിക് തുടങ്ങിയ ഇടങ്ങളിലാണ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിരിക്കുന്നത്. മുംബൈയിൽ ഞായറാഴ്ച 3,779 പേർക്ക് രോഗം സ്ഥിരീകരിച്ചത് നിലവിൽ റെക്കോഡ് ആണ്.

രോഗികളുടെ എണ്ണം കൂടിത്തുടങ്ങിയതോടെ ഭാഗികമായി അടച്ചിരുന്ന താൽകാലിക ജംബോ ചികിത്സാകേന്ദ്രങ്ങൾ പൂർണമായും പ്രവർത്തനക്ഷമമാക്കി തുടങ്ങി. നിയന്ത്രണത്തിന്റെ ഭാഗമായി മുംബൈയിൽ സ്വകാര്യ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കിയിട്ടുണ്ട്. എന്നാൽ ലോക്കൽ ട്രെയിനിൽ കാര്യമായ നിയന്ത്രണമില്ലാത്തതാണ് രോഗികളുടെ എണ്ണം ഇത്രയധികം കൂടാൻ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നാഗ്പുർ നഗരത്തിൽ മാർച്ച് 31 വരെ നേരത്തെതന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. പർഭനിയിൽ മാർച്ച് 24 മുതൽ 31 വരെ ലോക്ഡൗൺ ആണ്. പാൽഘർ, നാസിക് എന്നിവിടങ്ങളിലും ഭാഗിക ലോക്ഡൗണും രാത്രി കർഫ്യൂവും ഉണ്ട്.

Content Highlights: Maharashtra Lockdown