മുംബൈ: എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ അധ്യക്ഷനായ വസന്ത്ദാദാ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിന് മഹാരാഷ്ട്രാ സർക്കാർ നാമമാത്രമായ വിലയ്ക്ക് ഭൂമിയനുവദിച്ചത് വിവാദമാകുന്നു. ഹെക്ടറിന് 10,000 രൂപ നിരക്കിലാണ് 51 ഹെക്ടർ(126 ഏക്കർ) ഭൂമി അനുവദിച്ചിട്ടുള്ളത്. ഇവിടെ കമ്പോളനിരക്കുപ്രകാരം ഇത്രയും സ്ഥലത്തിന് 10 കോടി രൂപ വിലമതിക്കും.

ധന, റവന്യൂ വകുപ്പുകളുടെയും അഡ്വക്കേറ്റ് ജനറലിന്റെയും എതിർപ്പ് മറികടന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഭൂമി അനുവദിച്ചതെന്നാണ് ആക്ഷേപം. ജൽനാ വില്ലേജിലെ പത്തർവാല എന്ന സ്ഥലത്താണ് ഇൻസ്റ്റിറ്റ്യൂട്ടിന് ഭൂമി അനുവദിച്ചിട്ടുള്ളത്. ശരദ് പവാർ ചെയർമാനായ ട്രസ്റ്റാണ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നത്. ഉപമുഖ്യമന്ത്രി അജിത് പവാർ, എക്സൈസ് മന്ത്രി ദിലീപ് വത്സെപാട്ടീൽ, ധനമന്ത്രി ജയന്ത് പാട്ടീൽ, റവന്യൂ മന്ത്രി ബാലസഹേബ് തോറാട്ട് എന്നിവരാണ് ട്രസ്റ്റിമാർ. എൻ.സി.പി.യിൽനിന്നുള്ള മന്ത്രി രാജേഷ് തോപെ, കോൺഗ്രസിൽനിന്നുള്ള മന്ത്രി സതേജ് പാട്ടീൽ എന്നിവർ ഗവേണിങ് കൗൺസിൽ അംഗങ്ങളുമാണ്.

ഇൻസ്റ്റിറ്റ്യൂട്ടിന് ഭൂമി അനുവദിക്കണമെന്നുള്ള അപേക്ഷ 2013-ൽ കോൺഗ്രസ്-എൻ.സി.പി. ഭരണകാലത്ത് സർക്കാരിന്റെ മുമ്പിലുണ്ടായിരുന്നു. എന്നാൽ, അതിൽ തീരുമാനമുണ്ടായില്ല. 2014-ൽ ദേവേന്ദ്ര ഫഡ്‌നവിസ് സർക്കാർ വന്നതോടെ തീരുമാനം അനിശ്ചിതമായി നീണ്ടുപോയി. പവാറിനല്ല ഭൂമി അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം ചെയർമാനായ ഇൻസ്റ്റിറ്റ്യൂട്ടിനാണെന്നും എൻ.സി.പി. നേതാവും മന്ത്രിയുമായ നവാബ് മാലിക് പറഞ്ഞു. ജൽനയുടെ വികസനം ലക്ഷ്യമാക്കിയാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം പറയുന്നു. ശരദ് പവാർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

Content Highlights: VSI was established in 1975 by the sugarcane growers of the co-operative sugar factories.