മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുതീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും.
തയ്യാറെടുപ്പുകൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ മുംബൈയിലെത്തി. കമ്മിഷണർമാരായ അശോക് ലവാസ, സുശീൽ ചന്ദ്ര എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്. വിവിധ രാഷ്ട്രീയകക്ഷിനേതാക്കളുമായും പോലീസ് മേധാവികളുമായും സംഘം കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകീട്ട് ഇവർ ഡൽഹിക്ക് മടങ്ങും. നിയമസഭയുടെ കാലാവധി നവംബർ ഒമ്പതിനാണ് അവസാനിക്കുന്നത്.
288-അംഗ സഭയിലേക്കാണ് തിരഞ്ഞെടുപ്പ്. കോൺഗ്രസ്-എൻ.സി.പി. സഖ്യം മത്സരിക്കുന്ന സീറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശിവസേനയും ബി.ജെ.പി.യും സീറ്റുധാരണയിലെത്തിയിട്ടില്ല. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി, ഒവൈസി സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള മജ്ലിസ് പാർട്ടിയുമായുള്ള സഖ്യം ഉപേക്ഷിച്ചിട്ടുണ്ട്. രണ്ടു കക്ഷികളും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. ഇടതുപാർട്ടികൾ കോൺഗ്രസ്- എൻ.സി.പി. സഖ്യത്തിൽ ചേർന്നേക്കും.