ന്യൂഡല്‍ഹി: ദളിത്-മറാഠ വിഭാഗങ്ങള്‍ തമ്മില്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷങ്ങളെച്ചൊല്ലി ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഏറ്റുമുട്ടി. ആര്‍.എസ്.എസും ചില ഹിന്ദുസംഘടനകളുമാണ് ആക്രമണത്തിന് പിന്നിലെന്ന പ്രതിപക്ഷ ആരോപണത്തില്‍ ഭരണപക്ഷം പ്രതിഷേധിച്ചു. ബഹളത്തില്‍ ലോക്‌സഭാ നടപടികള്‍ സ്തംഭിച്ചു.

ശൂന്യവേളയില്‍ കോണ്‍ഗ്രസ് അംഗം മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വിഷയം ഉന്നയിച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ദളിതുകള്‍ക്കെതിരേയുള്ള അക്രമം പതിവായിരിക്കുകയാണെന്നും ആര്‍.എസ്.എസും ഹിന്ദുസംഘടനകളുമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും ഖാര്‍ഗെ ആരോപിച്ചു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ദളിതുകളെ പീഡിപ്പിക്കുകയാണ്.

ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നടന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് മഹാരാഷ്ട്രയില്‍ അരങ്ങേറുന്നത്. മറാഠക്കാരെയും ദളിതരെയും തമ്മില്‍ അകറ്റാനാണ് ആര്‍.എസ്.എസിന്റെ ശ്രമം. ഇത്തരം ആക്രമണങ്ങള്‍ക്കുമുന്നില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ദളിത് ആക്രമണങ്ങള്‍ക്കുമുന്നില്‍ മൗനിബാബയാണ് പ്രധാനമന്ത്രി. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണം. സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.

ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ ബി.ജെ.പി., ശിവസേന അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തി മുതലെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് വിഷയത്തില്‍ ഇടപെട്ട പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.

അനന്ത്കുമാറിന്റെ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭ പത്തുമിനിറ്റ് സ്​പീക്കര്‍ നിര്‍ത്തിവെച്ചു.

വീണ്ടും ചേര്‍ന്നപ്പോഴും ഖാര്‍ഗെ വിഷയം ആവര്‍ത്തിച്ചു. ദളിതുകളെ അധഃസ്ഥിതരായി നിലനിര്‍ത്താന്‍ ചില ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുകയാണന്നും ഖാര്‍ഗെ ആരോപിച്ചു. മന്ത്രി അനന്ത് കുമാര്‍ വീണ്ടും പ്രതികരണവുമായെത്തിയതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

അംഗങ്ങള്‍ സംയമനം പാലിക്കണമെന്ന് ശൂന്യവേളയില്‍ വിഷയം പരിഗണിക്കുംമുന്‍പുതന്നെ സ്​പീക്കര്‍ സുമിത്രാ മഹാജന്‍ നിര്‍ദേശിച്ചിരുന്നു. ജനങ്ങളുടെ പ്രതിനിധികളാണ് സഭയിലുള്ളത്. രാജ്യതാത്പര്യം സംരക്ഷിക്കപ്പെടണം. രാജ്യം ഒറ്റക്കെട്ടായി നിലനില്‍ക്കണമെന്നും സ്​പീക്കര്‍ പറഞ്ഞു.