ന്യൂഡൽഹി: കോവിഡ് വ്യാപനവും മരണനിരക്കും രാജ്യമൊട്ടുക്കും ഉയർന്നതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചുതുടങ്ങി. ദേശീയതലത്തിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടില്ലെങ്കിലും സംസ്ഥാനങ്ങൾ പ്രാദേശിക സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ ആരംഭിച്ചു.

മഹാരാഷ്ട്രയിൽ രാത്രിസമയത്തും ശനി, ഞായർ ദിവസങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയതിനു പിന്നാലെ ഡൽഹിയിലും ചൊവ്വാഴ്ച മുതൽ ഏപ്രിൽ 30 വരെ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. അവശ്യ സർവീസുകളെയും പ്രതിരോധ കുത്തിവെപ്പിന് പോകുന്നവരെയും രാത്രി പത്തു മുതൽ രാവിലെ അഞ്ചുവരെയുള്ള കർഫ്യൂവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. സംസ്ഥാനങ്ങളിൽ പതുക്കെ പതുക്കെ തുറന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മിക്ക സ്ഥലത്തും അടച്ചു.

പഞ്ചാബിൽ ഒമ്പതുനഗരങ്ങളിലും ഛത്തീസ്ഗഢിൽ 16 ജില്ലകളിലുമാണ് രാത്രികർഫ്യൂ ഉള്ളത്. ഗുജറാത്തിൽ അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവിടങ്ങളിലും മധ്യപ്രദേശിൽ ജബൽപൂർ, ഇന്ദോർ, ഭോപാൽ എന്നിവിടങ്ങളിലും കർഫ്യൂ ഉണ്ട്. പൊതുചടങ്ങുകൾക്ക് 50 പേർ മാത്രമേ പാടുള്ളൂവെന്ന മുൻനിബന്ധന പല സംസ്ഥാനങ്ങളിലും തിരികെ വന്നു. ആളുകൾ കൂടിയിരിക്കുന്നത് ഒഴിവാക്കാൻ വിവിധ സംസ്ഥാനങ്ങൾ ഹോട്ടലുകളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി.

അതേസമയം, മാർക്കറ്റുകളും വ്യവസായശാലകളും തത്കാലം എവിടെയും അടച്ചിട്ടില്ല. അങ്ങനെ ചെയ്താൽ കഴിഞ്ഞകൊല്ലത്തെ ലോക്ഡൗണിനുശേഷം പതുക്കെ ഉണർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥ പിന്നോട്ടടിക്കുമെന്നാണ് ആശങ്ക. ദേശീയ അടച്ചിടൽ ഇനി പ്രായോഗികമല്ലെന്ന് പല വിദഗ്‌ധരും മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. ആ നിലയ്ക്ക് പ്രാദേശിക നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ കടുപ്പിക്കാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തുന്ന കൂടിയാലോചനയ്ക്കുശേഷം ഇക്കാര്യത്തിൽ വ്യക്തതവരും.

Content Highlights: Maharashtra and delhi amends COVID restrictions order