മുംബൈ: മഹാരാഷ്ട്ര പിടിച്ചെടുക്കുക, ഭരണം സ്ഥാപിക്കുക എന്നത് ബി.ജെ.പി. നേതൃത്വത്തിന്റെ വ്യക്തമായ കാര്യപരിപാടിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും ഉൾപ്പെട്ട അഞ്ചംഗസംഘമാണ് എൻ.സി.പി. നേതാവ് അജിത് പവാറിനെ നിഗൂഢമായ ചരടുവലികളിലൂടെ ബി.ജെ.പി. പക്ഷത്തെത്തിച്ചത്. ശിവസേനാ സർക്കാർ നിലവിൽവരുമെന്ന് അർധരാത്രിവരെ പ്രതീതി സൃഷ്ടിച്ചശേഷം അതിരാവിലെ ബി.ജെ.പി.യുടെ ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തിയത് ഈ ചരടുവലികളുടെ അന്ത്യത്തിലായിരുന്നു. താൻ കെട്ടിപ്പടുത്ത പാർട്ടിയുടെയും സ്വന്തം കുടുംബത്തിന്റെയും അടിത്തറയിളക്കാൻപോന്ന ഈ നീക്കം കൈയുംകെട്ടി നോക്കിനിൽക്കാൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതിപ്രതാപിയായ ശരദ് പവാറിനാവുമായിരുന്നില്ല. ‘മറാഠാ സ്ട്രോങ്മാൻ’ എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ വിശേഷിപ്പിക്കാറുള്ള പവാർ പതിറ്റാണ്ടുകളുടെ രാഷ്ട്രീയാനുഭവക്കരുത്ത് കൈമുതലാക്കി നടത്തിയ എതിർനീക്കങ്ങൾ ചടുലവും പ്രഹരശേഷിയേറിയതുമായിരുന്നു.
അവസാനനിമിഷം കൈവിട്ടുപോകുമെന്ന പ്രതീക്ഷിച്ച മഹാരാഷ്ട്രഭരണം ശിവസേന-എൻ.സി.പി.-കോൺഗ്രസ് സഖ്യത്തിനു തിരിച്ചുപിടിക്കാനായത് പവാറിന്റെ തന്ത്രങ്ങളുെട ഫലമായിരുന്നു. സഹോദരപുത്രനായ അജിത് പവാർ മറുപക്ഷത്തിലേക്ക് ചുവടുമാറ്റിയതോടെ ശരദ് പവാർ തന്റെ ശക്തികളെല്ലാം പുറത്തെടുത്തു. എണ്ണയിട്ട യന്ത്രംപോലെയാണ് തുടർന്നുള്ള മണിക്കൂറുകളിൽ അദ്ദേഹം പ്രവർത്തിച്ചത്. ശരദ് പവാർ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചപ്പോൾ ചീട്ടുകൊട്ടാരംപോലെ തകർന്നത് ബി.ജെ.പി., സംഘപരിവാർ കേന്ദ്രങ്ങൾ പാടിപ്പുകഴ്ത്തിയ ‘അമിത് ഷാ മാജിക്’ ആണ്.
വരുംനാളുകൾ ശരദ് പവാറിന്റെതാണ്. മനസ്സിൽ എന്താണ് പവാർ കണക്കുകൂട്ടുന്നതെന്ന് ആർക്കും വ്യക്തമല്ല. മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്‌കരിക്കുന്നതിൽനിന്ന് ബി.ജെ.പി.യെ ഒരു കാതം അകലെനിർത്തിയത് പവാർ തന്നെയെന്നതിൽ തർക്കമില്ല. ദേശിയരാഷ്ട്രീയത്തിൽ തന്നെ വീണ്ടും അടയാളപ്പെടുത്തുന്ന നീക്കമാണ് ശരദ് പവാർ മഹാരാഷ്ട്രയിൽ നടത്തിയത്.
Content Highlights: Maharashtra Amit Shah Sharad Pawar