മുംബൈ: സംഭരണിയിലെ ചോർച്ചകാരണം ഓക്സിജൻവിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് 22 കോവിഡ് രോഗികൾ പ്രാണവായുകിട്ടാതെ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ കോവിഡ് ചികിത്സാകേന്ദ്രമായ സാക്കീർ ഹുസൈൻ മുനിസിപ്പൽ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ശ്വാസോച്ഛ്വാസമെടുത്തിരുന്ന രോഗികളാണ് അരമണിക്കൂറോളം ഓക്സിജൻ മുടങ്ങിയതോടെ മരിച്ചത്.

ആശുപത്രിക്കെട്ടിടത്തിനുപുറത്തുള്ള സംഭരണിയിൽനിന്ന് കുഴൽവഴിയാണ് തീവ്രപരിചരണവിഭാഗത്തിലേക്ക് ഓക്സിജൻ എത്തിക്കുന്നത്. ബുധനാഴ്ച രാവിലെ ടാങ്കർലോറിയിൽ കൊണ്ടുവന്ന ദ്രവീകൃത ഓക്സിജൻ സംഭരണിയിലേക്ക് മാറ്റുന്നതിനിടെ അതിന്റെ വാൽവുകളിലൊന്ന് ഇളകിമാറുകയായിരുന്നു. ഇതോടെ ഓക്സിജൻ പുറത്തേക്ക് ചീറ്റി. ചോർച്ചകാരണം സംഭരണിയിലെ മർദം പെട്ടെന്ന് താഴ്‌ന്നതോടെ വെന്റിലേറ്ററുകളിലേക്കുള്ള ഓക്സിജൻ പ്രവാഹം നിലച്ചു. ചോർച്ചയടച്ച് മർദം പുനഃസ്ഥാപിച്ച് ഓക്സിജൻ വിതരണം പഴയതുപോലെയാക്കുമ്പോഴേക്കും 11 സ്ത്രീകളും 11 പുരുഷന്മാരും മരിച്ചിരുന്നു.