മഹാബലിപുരം: വെള്ളിയാഴ്ച വൈകുന്നേരം ആറോടെ മഹാബലിപുരത്തെ കടൽക്കരക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനും മുമ്പിൽ കലാവിരുന്നൊരുക്കിയ സംഘത്തിൽ മലയാളികളും. ചെന്നൈയിലെ പ്രമുഖ നാട്യവിദ്യാലയമായ കലാക്ഷേത്രയാണ് നേതാക്കൾക്കായി ദൃശ്യവിരുന്നൊരുക്കിയത്.
ഇരുപത്തിയെട്ടുമിനിറ്റിൽ ശ്രീരാമൻമുതൽ മഹാത്മാഗാന്ധിവരെയും ഭരതനാട്യംമുതൽ കഥകളിവരെയും വേദിയിലെത്തി.
ഭരതനാട്യത്തിലെ അലാരിപ്പോടെ വേദിയുണർന്നു. പിന്നാലെ കേരളത്തിന്റെ കലാരൂപങ്ങളായ കഥകളിയും മോഹിനിയാട്ടവും അരങ്ങിലെത്തി. കലാക്ഷേത്രസ്ഥാപക രുക്മിണീദേവി അരുണ്ഡേലിന്റെ നൃത്തനാടകമായ മഹാപട്ടാഭിഷേകത്തിന്റെ ഭാഗമായ സേതുബന്ധനവും അവതരിപ്പിച്ചു.
ഗാന്ധിജിയുടെയും രുക്മിണീദേവിയുടെയും ആശയങ്ങൾ ഉൾപ്പെടുത്തിയ ശാന്തിസൂത്ര നൃത്തനാടകത്തിലെ ഭാജുരേ ഭയ്യായെന്ന ഭാഗവും അരങ്ങിലെത്തി. ശ്രീരാമ പ്രകീർത്തനമായിരുന്നു ഇതിന്റെ പ്രമേയം. ‘രഘുപതി രാഘവ രാജാറാം’ ഒരുമിച്ചുപാടിയാണ് കലാവിരുന്ന് അവസാനിച്ചത്.
കലാപ്രകടനത്തിൽ പങ്കെടുത്ത 58 പേരിൽ നാൽപ്പതോളംപേർ മലയാളികളായിരുന്നു. കലാക്ഷേത്ര ഡയറക്ടർ രേവതി രാമചന്ദ്രന്റെ നേതൃത്വത്തിൽ സദനം ബാലകൃഷ്ണൻ, ഹരിപത്മൻ, ജയകൃഷ്ണൻ, രാജേഷ്, ശ്രീനാഥ്, ഗിരീഷ്, കൈലാഷ് നാഥൻ, സഞ്ജിത് ലാൽ, അതുൽ, സായ്ശങ്കർ, ഹരിപ്രസാദ്, അനിൽ കുമാർ, ശശിധരൻ എന്നിവർ അരങ്ങിലും അണിയറയിലുമായി പ്രവർത്തിച്ചു. കലാവിരുന്നൊരുക്കിയവരെ അഭിനന്ദിച്ച മോദിയും ഷിയും അവർക്കൊപ്പം ഫോട്ടോയുമെടുത്തു.
content highlights: mahabalipuram summit