മഹാബലിപുരം: രണ്ടുദിവസത്തെ ഉച്ചകോടിയാണെങ്കിലും 24 മണിക്കൂറേ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലുണ്ടാവുക. അതിൽ ആറുമണിക്കൂർ അദ്ദേഹവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരുമിച്ചുണ്ടാകും.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമുതൽ മഹാബലിപുരത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളായ അർജുന തപസ്സ്, പഞ്ചരഥം, കടൽക്കര ക്ഷേത്രം എന്നിവിടങ്ങളിൽ ഇരുവരും ഒരുമിച്ചുചെലവഴിച്ചു. കടൽക്കരക്ഷേത്രത്തിൽനടന്ന നൃത്തപരിപാടിയും ഒരുമിച്ചുകണ്ടു. ചെന്നൈ കലാക്ഷേത്രത്തിൽനിന്നുള്ള സംഘമാണ് നൃത്തമവതരിപ്പിച്ചത്. ഏഴേകാലോടെ അവസാനിച്ച കലാപരിപാടികൾക്കുശേഷം മോദിയൊരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്ത് താമസസ്ഥലമായ ഗിണ്ടിയിലെ ഐ.ടി.സി. ഗ്രാൻഡ് ചോള ഹോട്ടലിലേക്കു ഷി മടങ്ങി.
ശനിയാഴ്ച രാവിലെ പത്തിന് ചെന്നൈയിലെ ഫിഷർമാൻസ് കോവ് റിസോർട്ടിൽ ഇരുനേതാക്കളും തമ്മിലുള്ള ചർച്ച നടക്കും. പത്തിനുതുടങ്ങുന്ന ചർച്ച നാൽപ്പതുമിനിറ്റ് നീളുമെന്നാണ് കരുതുന്നത്. 11.45-നുള്ള ഉച്ചവിരുന്നിനുശേഷം ഇരുവരും പിരിയും. 12.45-ഓടെ ഷി മടങ്ങും. നേപ്പാളിലേക്കാണ് ഷിയുടെ യാത്ര.