ചെന്നൈ: സാമ്പാറും കടലക്കുറുമയും വിളമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ സത്കരിച്ചു. പരമ്പരാഗത ദക്ഷിണേന്ത്യൻ വിഭവങ്ങളായിരുന്നു വെള്ളിയാഴ്ചത്തെ അത്താഴത്തിന് ഷിയ്ക്കായി ഒരുക്കിയത്.
‘വറുത്തരച്ച സാമ്പാർ’ ആയിരുന്നു മുഖ്യആകർഷണം. തക്കാളി രസവും പുളിയിഞ്ചിയും വിഭവങ്ങളിലുണ്ടായിരുന്നു. ചെട്ടിനാട്, കാരൈക്കുടി ശൈലിയിലുള്ള മാംസവിഭവങ്ങളും ഒരുക്കിയിരുന്നു. മധുരപലഹാരങ്ങളിൽ മുഖ്യം ഹൽവയായിരുന്നു.
സമ്മാനം നാച്ചിയാർകോവിൽ വിളക്ക്
തമിഴ്‌നാടിന്റെ തനതു കരകൗശവസ്തുക്കളാണ് ഷിയ്ക്കു സമ്മാനമായി മോദി നൽകിയത്. നാച്ചിയാർകോവിൽ പട്ടണത്തിൽ മാത്രമുണ്ടാക്കുന്ന നാച്ചിയാർ കോവിൽ വിളക്കാണ് അവയിലൊന്ന്. ഒാടിൽ സ്വർണം പൂശിയ ആറടി ഉയരമുള്ള വിളക്ക് എട്ടു ശില്പികൾ ചേർന്നാണുണ്ടാക്കിയത്. നൃത്തം ചെയ്യുന്ന സരസ്വതിയുടെ തഞ്ചാവൂർ പെയിന്റിങ്ങും സമ്മാനിച്ചു.