പഞ്ചരഥം -അഞ്ചു വ്യത്യസ്ത ഒറ്റക്കൽ ക്ഷേത്രങ്ങൾ. ഏഴാംനൂറ്റാണ്ടിൽ പല്ലവരാജവംശകാലത്ത് ഉണ്ടാക്കിയവ. പഞ്ചപാണ്ഡവരുടെയും ഭാര്യ പാഞ്ചാലിയുടെയും പേരാണ് ഇവയ്ക്കോരോന്നിനും. നകുലനും സഹദേവനുംകൂടി ഒരുരഥമാണുള്ളത്. അഞ്ചുരഥങ്ങൾക്കും നടുവിലായി ആനയുടെയും സിംഹത്തിന്റെയും ശില്പവുമുണ്ട്.
അർജുന തപസ്സ്-ഇടതുകാലിൽ നിന്ന് തപസ്സുചെയ്യുന്ന അർജുനന് വലതുവശത്തായി ശിവന്റെ രൂപവും അഭിമുഖമായി ഏതാനും ദേവതകളുടെ രൂപവും കൂറ്റൻ കല്ലിൽ കൊത്തിയിരിക്കുന്നു. പാശുപതാസ്ത്രം ലഭിക്കുന്നതിനായി അർജുനൻ ശിവനെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തിയെന്ന ഐതിഹ്യമാണ് ഈ ശില്പത്തിനാധാരം. ദൈവങ്ങൾക്കുപുറമേ, വേട്ടക്കാരുടെയും ഋഷിമാരുടെയും മൃഗങ്ങളുടെയും രൂപങ്ങളും കൊത്തിയെടുത്തിട്ടുണ്ട്.
കടൽക്കര ക്ഷേത്രം (കടൽക്കരൈ കോവിൽ)-ബംഗാൾ ഉൾക്കടലിനോടു ചേർന്ന് എട്ടാംനൂറ്റാണ്ടിൽ പണിത ക്ഷേത്രം. രണ്ടുശിവക്ഷേത്രങ്ങളും ഒരു വിഷ്ണുക്ഷേത്രവുമാണിവിടെയുള്ളത്. ഇവയെച്ചേർത്ത് കടൽക്കരൈ കോവിൽ എന്നുവിളിക്കുന്നു. 2004-ൽ സുനാമിയുണ്ടായപ്പോൾ ഏതാനും ശില്പങ്ങളും കല്ലുകളും തെളിഞ്ഞുവന്നുവെന്ന് നാട്ടുകാർ പറയുന്നു. കടൽക്കരൈ കോവിലിൽ ഏഴുക്ഷേത്രങ്ങളുണ്ടായിരുന്നെന്നും ആറെണ്ണം കടലിൽ മുങ്ങിപ്പോയെന്നുമാണ് ഐതിഹ്യം.