ചെന്നൈ: തമിഴ്‌നാട്ടില്‍ ആരാധനാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശരീഅത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു.
ആരാധനാലയങ്ങള്‍ മതപരമായ കാര്യങ്ങള്‍ക്കുള്ളതാണെന്നും ഇവിടെ കേസുകള്‍ തീര്‍പ്പാക്കല്‍ നിയമവിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ശരീഅത്ത് കോടതികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇതുസംബന്ധിച്ച സ്ഥിതിവിവരറിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം സമര്‍പ്പിക്കണം -കോടതി സംസ്ഥാനസര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ബ്രിട്ടനിലെ ഇന്ത്യന്‍പൗരന്‍ അബ്ദുല്‍ റഹ്മാന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം കേട്ടപ്പോഴാണ് ശരീഅത്ത് കോടതികള്‍ നിരോധിച്ചുകൊണ്ടുള്ള വിധിപ്രഖ്യാപനമുണ്ടായത്. ചെന്നൈ അണ്ണാശാലൈയിലെ മക്കാ മസ്ജിദ് പളളിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ശരീഅത്ത് കോടതിക്കെതിരെയായിരുന്നു ഹര്‍ജി. വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കുക, ഉത്തരവുകള്‍ പാസാക്കുക, തര്‍ക്കങ്ങളില്‍ കക്ഷികളെ വിളിച്ചുവരുത്തുക തുടങ്ങിയവ നടത്തുന്ന ശരീഅത്ത് കൗണ്‍സില്‍ സാധാരണകോടതികള്‍പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് സുപ്രീംകോടതിവിധിക്കെതിരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ശരീഅത്ത് നിയമപ്രകാരം വിവാഹമോചനം നടത്തിയ ഭാര്യയെ പുനര്‍വിവാഹം കഴിക്കണമെന്ന ആവശ്യം ശരീഅത്ത് കോടതി തളളിയതിനെത്തുടര്‍ന്നാണ് അബ്ദുല്‍ റഹ്മാന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. മക്കാ മസ്ജിദിലും സംസ്ഥാനത്തെ വിവിധയിടങ്ങളിലും ശരീഅത്ത് കൗണ്‍സിലുകള്‍മൂലം പ്രയാസപ്പെടുന്ന വലിയൊരുവിഭാഗം മുസ്ലിങ്ങളുണ്ട്. അവരുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് താന്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. ഈ വ്യവസ്ഥ നൂറുകണക്കിന് മുസ്ലിം കുടുംബങ്ങളെ ബാധിക്കുന്നതാണ്. കൗണ്‍സിലിന്റെ ഉത്തരവുകളും വിധികളും ശരീഅത്തിന് അനുസൃതമായ രീതിയിലാണെന്ന ധാരണ സൃഷ്ടിക്കാന്‍ ഇടവരുത്തുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ശരീഅത്ത് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത് കോടതിക്ക് സമാനമായ രീതിയിലാണെന്നും നിറവ്യത്യാസമുണ്ടെങ്കിലും ജഡ്ജിക്ക് സമാനമായ മേലങ്കിയാണ് ഓഫീസ് അധ്യക്ഷന്‍ ധരിക്കാറുള്ളതെന്നും അബ്ദുല്‍ റഹ്മാന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വാദം കേട്ടപ്പോള്‍ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി., ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് വിശദീകരണമാവശ്യപ്പെട്ട് കോടതി നോട്ടീസയച്ചിരുന്നു.