ന്യൂഡൽഹി: മധ്യപ്രദേശിൽ 28 സീറ്റുകളിലേക്ക് ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പുനടക്കും. ഈ മണ്ഡലങ്ങളിലെ പ്രചാരണം ഞായറാഴ്ച വൈകീട്ട് അവസാനിച്ചു.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കമൽനാഥിനെ അധികാരത്തിലേറ്റാൻ വിധിയെഴുതിയതാണ് ഇതിലെ 27 സീറ്റും. ഇതിൽ 22 എം.എൽ.എ.മാരുമായാണ് ജ്യോതിരാദിത്യസിന്ധ്യ മറുകണ്ടം ചാടിയത്. പിന്നീട് നാലുപേർകൂടി ബി.ജെ.പി.യിലേക്ക് ചേക്കേറി. കൂറുമാറ്റനിരോധനനിയമം മറികടക്കാൻ ഇവർ രാജിവെച്ച ഒഴിവിലാണ് 26 ഇടത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി.യുടെയും കോൺഗ്രസിന്റെയും ഓരോ എം.എൽ.എ. മാരുടെ മരണത്തെത്തുടർന്നാണ് മറ്റുരണ്ടിടത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഇത്തവണ ഈ മണ്ഡലങ്ങൾ ആരെ പിന്തുണയ്ക്കുമെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ബി.ജെ.പി.യും കോൺഗ്രസും തമ്മിൽ എന്നതിനെക്കാൾ കോൺഗ്രസും സിന്ധ്യയും തമ്മിലുള്ള മത്സരമായി മാറിക്കഴിഞ്ഞു ഉപതിരഞ്ഞെടുപ്പ്. 28 സീറ്റിലും ജയിച്ചാലേ കോൺഗ്രസിന് തിരിച്ച് അധികാരത്തിലെത്താനാവൂ.

ജനസ്വാധീനമുള്ള തന്നെ കോൺഗ്രസ് ഒതുക്കാൻ ശ്രമിച്ചു എന്നാരോപിച്ച സിന്ധ്യക്കാവട്ടെ തന്റെ തട്ടകമായ ഗ്വാളിയോർ-ചമ്പൽ മേഖലയിൽ എല്ലാ സ്ഥാനാർഥികളെയും ജയിപ്പിക്കുകയും വേണം. ഈ മേഖലയിൽ 16 സ്ഥാനാർഥികളാണുള്ളത്. എല്ലാ സീറ്റിലും ബി.എസ്.പി. രംഗത്തുണ്ട് എന്നുള്ളത് ബി.ജെ.പി.ക്ക് ആശ്വാസമാണ്. ഗ്വാളിയർ-ചമ്പൽ മേഖലയിലെ വിവിധ മണ്ഡലങ്ങളിൽ 20 ശതമാനംവരെ വോട്ട് കഴിഞ്ഞതവണ ബി.എസ്.പി. നേടിയിരുന്നു.

230 അംഗ സഭയിൽ കോൺഗ്രസിനിപ്പോൾ 87 അംഗങ്ങളാണുള്ളത്. നിലവിലുള്ള നാലുസ്വതന്ത്രരും രണ്ട് ബി.എസ്.പി. അംഗങ്ങളും ഒരു എസ്.പി. അംഗവും പിന്തുണച്ചാൽപ്പോലും അധികാരത്തിലെത്താൻ 21 സീറ്റിലെങ്കിലും ജയിക്കണം. 107 അംഗങ്ങളുള്ള ബി.ജെ.പി.ക്ക് ഭരണം ഉറപ്പിക്കാൻ എട്ടുസീറ്റുകൂടി മതി.

കൈക്ക് വോട്ടഭ്യർഥിച്ച് സിന്ധ്യ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പഴയപാർട്ടിയുടെ ചിഹ്നത്തിന് അറിയാതെ വോട്ടുചോദിച്ച് നേതാക്കൾക്ക് അബദ്ധംപറ്റാറുണ്ട്. ജ്യോതിരാദിത്യസിന്ധ്യയുടെ അത്തരമൊരു നാക്കുപിഴ ആഘോഷമാക്കുകയാണ് മധ്യപ്രദേശിലെ കോൺഗ്രസ് പ്രവർത്തകർ.

സ്വന്തം തട്ടകമായ ഗ്വാളിയറിലെ ധാബ്രയിൽ ബി.ജെ.പി. നേതാവ് ഇമർതി ദേവിക്ക് വോട്ട് അഭ്യർഥിക്കവേയായിരുന്നു സിന്ധ്യയുടെ നാക്കുപിഴ. ‘ധാബ്രയിലെ എന്റെ ജനങ്ങളേ, നിങ്ങളുടെ കൈകൾ ഉയർത്തുക. എന്നെയും ശിവരാജ് സിങ് ചൗഹാനെയും (മുഖ്യമന്ത്രി) ബോധ്യപ്പെടുത്താനും വിശ്വസിപ്പിക്കാനും. നവംബർ മൂന്നിന് നിങ്ങൾ വോട്ടു ചെയ്യുന്നത് കൈ ചിഹ്നത്തിനെന്ന്...’ ഇത്രയും പറഞ്ഞപ്പോഴേക്കും അബദ്ധം ബോധ്യമായ സിന്ധ്യ ഉടൻ താമരയ്ക്കെന്ന് മാറ്റിപ്പറഞ്ഞു.

content highlights: madhyapradesh by poll