ന്യൂഡൽഹി: കർണാടകയ്ക്കു പിന്നാലെ മധ്യപ്രദേശിലും ഭരണം നഷ്ടമായതോടെ രാജ്യത്ത് കോൺഗ്രസിന്റെ ഭരണപ്രാതിനിധ്യം വീണ്ടും കുറഞ്ഞു.
അഞ്ചുസംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തിലും മാത്രമാണിപ്പോൾ പാർട്ടി ഭരണം. പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും സഖ്യകക്ഷി പിന്തുണയോടെ ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ദക്ഷിണേന്ത്യയിലെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയാണ് മറ്റൊരു അധികാരകേന്ദ്രം.
കർണാടക നഷ്ടപ്പെട്ട് ഒരു വർഷം പിന്നിടുമ്പോഴാണ് മധ്യപ്രദേശിലെ 15 മാസത്തെ ഭരണത്തിന് അന്ത്യമാവുന്നത്. കൂടുതൽ സീറ്റുകൾ ഉണ്ടായിരുന്നിട്ടും ജനതാദൾ എസിന് കർണാടകത്തിൽ കോൺഗ്രസ് പിന്തുണനൽകുകയായിരുന്നു; ബി.ജെ.പിയെ അധികാരത്തിൽനിന്ന് അകറ്റിനിർത്തുകയെന്നതായിരുന്നു ലക്ഷ്യം. എങ്കിലും ജനതാദളുമായി തർക്കം പരിഹരിച്ചു മുന്നോട്ടുപോവാൻ പാർട്ടിക്കായില്ല. കോൺഗ്രസ്‌മുക്ത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി.യുടെയും ആശയം കുതിരക്കച്ചവടത്തിലൂടെ നടപ്പാക്കുന്നതും കോൺഗ്രസിന് തടയാനാവുന്നില്ല.
ദീർഘകാലമായി അധികാരത്തിനുപുറത്തുള്ള പാർട്ടിയുടെ സാമ്പത്തിക അടിത്തറ ആകെ ഉലഞ്ഞസ്ഥിതിയിലാണ്. അതിനുപുറമേയാണ് ശക്തമായ നേതൃത്വത്തിന്റെ അഭാവത്തിൽ പാർട്ടിക്കകത്തെ മുതിർന്ന നേതാക്കളും യുവനേതാക്കളും തമ്മിൽ നടക്കുന്ന വടംവലി. മുതിർന്ന നേതാക്കൾ സ്ഥിരമായി സ്ഥാനമാനങ്ങൾ നിലനിർത്തുന്നത് തങ്ങളുടെ രാഷ്ട്രീയഭാവി ഇല്ലാതാക്കുമെന്ന നിലപാടിലാണ് മിക്ക യുവനേതാക്കളും. ഇതേ വികാരത്തിന്റെ അടിസ്ഥാനത്തിലാണ് മധ്യപ്രദേശിൽ പാർട്ടിക്ക് അധികാരം നഷ്ടപ്പെടുത്തി ബി.ജെ.പി. പാളയത്തിൽ ജ്യോതിരാദിത്യസിന്ധ്യ ചേർന്നത്.
മുതിർന്ന നേതാക്കളായ മുഖ്യമന്ത്രി കമൽനാഥും മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങുമായി സിന്ധ്യ കടുത്തതർക്കത്തിലായിരുന്നു. ഇതു പരിഹരിക്കാൻ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിനായില്ല. മധ്യപ്രദേശിൽ സർക്കാർ രൂപവത്കരിച്ചതുതന്നെ നേരിയ ഭൂരിപക്ഷത്തിലാണ്. തർക്കം വളർന്നാൽ അധികാരം നഷ്ടമാവുമെന്ന ഗൗരവം ആർക്കും ഉണ്ടായിരുന്നില്ലെന്നുവേണം പറയാൻ.
രാജസ്ഥാനിലും ഇതേസ്ഥിതി തുടരുന്നുണ്ട്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തുമായി ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് കലഹത്തിലാണ്. അധികാരത്തിലുള്ള മറ്റൊരു സംസ്ഥാനമായ പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി ജനപ്രീതിയുള്ള മറ്റൊരു നേതാവ് നവജോത് സിങ് സിന്ധുവും തർക്കത്തിലാണ്. ഛത്തീസ്ഗഢിലാകട്ടെ മുഖ്യമന്ത്രിപദവി ലഭിക്കാത്തതിൽ നിരാശയുള്ള മുതിർന്ന നേതാക്കളായ ടി.എസ്. സിങ്ദിയോയും താമ്രദ്വജ് സാഹുവും ഭൂപേഷ് ബാഗേലിലുമായി ഇടഞ്ഞുനിൽക്കുന്നു. ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാന യൂണിറ്റുകളിലും വിഭാഗീയത വർധിച്ചുവരുന്നു. അനാരോഗ്യമുള്ള കോൺഗ്രസ് അധ്യക്ഷ സോണിയയെ മാറ്റി മറ്റൊരു നേതാവിനെ തിരഞ്ഞെടുക്കുന്നതിൽപ്പോലും ഇരുട്ടിൽത്തപ്പുന്ന കോൺഗ്രസിന് ഇതൊക്കെ വേഗം പരിഹരിക്കാനാവുമോ എന്നു കണ്ടറിയണം.
Content Highlights: Madhya Pradesh Congress