ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ 41 ആയുധ ഫാക്ടറികളിൽ സമരങ്ങളും പണിമുടക്കും നിരോധിച്ചും ഇവയുടെ പ്രവർത്തനം അവശ്യസേവനമാക്കിയുമുള്ള ബിൽ പ്രതിപക്ഷ ബഹളത്തിനിടെ വ്യാഴാഴ്ച പാർലമെന്റ് പാസാക്കി. പെഗാസസിൽ അന്വേഷണവും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം തുടരുന്നതിനിടെ പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രാജ്യസഭയിൽ അവതരിപ്പിച്ച ബിൽ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ബില്ലും ഇതോടൊപ്പം പാസാക്കി. കഴിഞ്ഞദിവസം ലോക്‌സഭയിൽ പാസായ ഇരു ബില്ലുകളും ഇനി രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാവും.

സമാധാനപരമായ സമരത്തെ ബിൽ തടയുന്നില്ലെന്നും ആയുധനിർമാണശാലകളുടെ കോർപ്പറേറ്റുവത്കരണത്തിനായുള്ള ബില്ലാണിതെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രാജ്യസഭയെ അറിയിച്ചു. തൊഴിലാളികളുടെ സേവന സാഹചര്യങ്ങൾക്ക് സംരക്ഷണമുണ്ടെന്നും ബിൽ ആവശ്യമെങ്കിൽ മാത്രമേ ബാധകമാക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

രാവിലെയും വൈകീട്ടുമായി ആറുതവണയാണ് ബഹളം കാരണം രാജ്യസഭ നിർത്തിവെച്ചത്. ലോക്‌സഭയിലും സമാന സ്ഥിതിയായിരുന്നു. ഇതിനിടയിൽ അരുണാചൽപ്രദേശിലെ ഗിരിവർഗക്കാരുടെ പട്ടിക പുതുക്കുന്നതിനുള്ള ബില്ലും രാജ്യസഭ പാസാക്കി.

തൊഴിലാളികളുടെ സമരം ചെയ്യാനുള്ള അവസരം ഇല്ലാതാക്കാനുള്ളതാണ് ആയുധ ഫാക്ടറിയുമായി ബന്ധപ്പെട്ട കാട്ടാള ബില്ലെന്ന് പ്രമേയം അവതരിപ്പിച്ച് സി.പി.എം. അംഗം എളമരം കരീം പറഞ്ഞു. അനുബന്ധ അജൻഡയായി അവതരിപ്പിച്ച ബിൽ സഭയിലെ ബഹളത്തിന്റെ മറവിൽ പാസാക്കിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. വിഷയത്തിൽ കിർഗിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയാൽ ചർച്ചയാവാമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞെങ്കിലും പ്രതിപക്ഷാംഗങ്ങൾ ബഹളം തുടർന്നതോടെ ബിൽ വേഗത്തിൽ പാസാക്കി ഉപാധ്യക്ഷൻ ഹരിവംശ് സഭ അടുത്ത ദിവസത്തേക്ക് പിരിഞ്ഞു. തൊഴിലാളികളുടെ സമരം ചെയ്യാനുള്ള അവകാശം ഹനിക്കാൻ സർക്കാരിനെന്താണ് അവകാശമെന്ന് സി.പി.ഐ. അംഗം ബിനോയ് വിശ്വം ചോദിച്ചു. പട്ടികവർഗ ബില്ലിന്റെ ചർച്ചയിൽ സംസാരിച്ച സി.പി.എം. അംഗം കെ. സോമപ്രസാദ് ബില്ലിനെ പിന്തുണയ്ക്കുന്നതായും എന്നാൽ, സർക്കാരിന്റെ മനോഭാവത്തെയും പാർലമെന്ററി ജനാധിപത്യത്തെ കൊല്ലുന്ന നടപടിയെയും എതിർക്കുന്നതായും പറഞ്ഞു.

രാവിലെ രാജ്യസഭ തുടങ്ങിയതുമുതൽത്തന്നെ മന്ത്രിമാർക്കുവേണ്ടി പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ രേഖകൾ മേശപ്പുറത്തുവെക്കുന്നതിനെ കോൺഗ്രസ് നേതാവ് പി. ചിദംബരം എതിർത്തു. എന്നാൽ, കോവിഡ് ആയതിനാലുള്ള നീക്കുപോക്ക് മാത്രമാണിതെന്ന് ഉപാധ്യക്ഷൻ ഹരിവംശ് അറിയിച്ചു. കഴിഞ്ഞ ദിവസം ആനന്ദ് ശർമയും സമാനവിഷയം ഉയർത്തിയിരുന്നു.

ലോക്‌സഭാ സ്തംഭനം തുടരുന്നു

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷപ്രതിഷേധം തുടർന്നതോടെ, വ്യാഴാഴ്ചയും ലോക്‌സഭ സ്തംഭിച്ചു. രാവിലെ അരമണിക്കൂർ ചോദ്യോത്തരവേള മാത്രം നടന്നു. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിൽ നിലയുറപ്പിച്ചതോടെ 12 വരെ സഭ നിർത്തിവെച്ചു. പിന്നീട് ചേർന്നപ്പോഴും ബഹളമടങ്ങാത്തതിനാൽ രണ്ടുമണിവരെ നിർത്തി.

നാലിനും അഞ്ചിനും വീണ്ടും ചേർന്നിട്ടും പ്രതിപക്ഷം പിന്മാറിയില്ല. ഇതിനിടയിൽ ഉച്ചയ്ക്ക് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ യു.ജി.സി. ഭേദഗതി ബിൽ അവതരിപ്പിച്ചു. വൈകീട്ട് ധനമന്ത്രി നിർമലാ സീതാരാമൻ നികുതിഭേദഗതി ബില്ലും അവതരിപ്പിച്ചു.