ന്യൂഡൽഹി: രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത മേഖലകളിൽ കൂടുതൽ ഇളവുകൾ വേണമെന്ന് ചില സംസ്ഥാനങ്ങൾ പ്രധാനമന്ത്രിയുമായി തിങ്കളാഴ്ച നടക്കുന്ന വീഡിയോ കോൺഫറൻസിൽ ആവശ്യപ്പെടും.

ഗ്രാമീണ മേഖലകളിൽ രോഗബാധ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ഈ ഇളവുകൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് സഹായകരമാകുമെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടും. രോഗ പ്രതിരോധ നടപടികൾക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം സംസ്ഥാനങ്ങൾ ആവർത്തിക്കും. ജി.എസ്.ടി. നഷ്ടപരിഹാരത്തുകയുടെ കുടിശ്ശിക നൽകണമെന്നും ആവശ്യപ്പെടും.

അതിഥിതൊഴിലാളികളെ തിരികെ കൊണ്ടുവരുന്ന കാര്യം ചർച്ച ചെയ്യണമെന്ന് ബിഹാറും ഒഡിഷയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്കായി പ്രത്യേക തീവണ്ടികൾ ഏർപ്പെടുത്തണമെന്നാണ് ബിഹാറിന്റെ ആവശ്യം. തീവണ്ടിയിൽ എട്ടുപേർ ഇരിക്കുന്ന സ്ഥലത്ത് രണ്ട് പേരെ ഇരിക്കാൻ അനുവദിക്കുക, ഇറങ്ങുന്ന സ്റ്റേഷനിൽതന്നെ പരിശോധന നടത്തുക, 14 ദിവസം നിർബന്ധിത ക്വാറന്റയിൻ ഏർപ്പെടുത്തുക തുടങ്ങിയവയാണ് നടപടികളായി നിർദേശിക്കുന്നത്.

ഇതേസമയം പശ്ചിമബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ അടച്ചിടൽ നടപടികളെക്കുറിച്ച് ഉയരുന്ന തർക്കം രൂക്ഷമായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ നടപ്പാക്കാൻ ഈ രണ്ടു സംസ്ഥാനങ്ങളും തയ്യാറാകുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ പരാതി. കേന്ദ്രം അനാവശ്യമായി കൈകടത്തുന്നെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ആരോപിക്കുന്നു.

Content Highlights: Lockdown states