ന്യൂഡൽഹി: കോവിഡിനെത്തുടർന്ന് കഴിഞ്ഞ വർഷത്തെ അടച്ചിടൽ രാജ്യത്തെ സ്ത്രീകളിൽ പോഷകാഹാരക്കുറവുണ്ടാക്കിയതായി പഠനം. ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട മേഖലകളെ അടച്ചിടലിൽനിന്ന് ഒഴിവാക്കിയിരുന്നെങ്കിലും സ്ത്രീകളുടെ ഭക്ഷണവൈവിധ്യം, കഴിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ അളവ് എന്നിവ 2019-നെ അപേക്ഷിച്ച് കുറഞ്ഞെന്ന് ‘ഇക്കണോമി പൊളിറ്റിക്ക’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അങ്കണവാടികേന്ദ്രങ്ങൾ അടച്ചതാണ് ഇതിന്‌ പ്രധാന കാരണമായെന്നാണ് ഇവർ പറയുന്നത്.

ഡൽഹിയിലെ ടാറ്റാ കോർണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഗ്രികൾച്ചർ ആൻഡ്‌ ന്യൂട്രീഷ്യനിലെ (ടി.സി.ഐ.) ഗവേഷകരാണ് പഠനം നടത്തിയത്. മാംസം, മുട്ട, പച്ചക്കറി, പഴങ്ങൾ എന്നിവയുടെ അളവ് കുറഞ്ഞതായാണ് കണ്ടെത്തിയത്. സർവേയിൽ പങ്കെടുത്ത 155 കുടുംബങ്ങളിൽ 72 ശതമാനം കുടുംബങ്ങൾക്കും പകർച്ചവ്യാധി സമയത്ത് അങ്കണവാടി സേവനങ്ങൾ ലഭിച്ചിട്ടില്ല. ഈ കാലയളവിൽ വിറ്റാമിൻ എ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന സ്ത്രീകളുടെ എണ്ണം 42 ശതമാനം കുറഞ്ഞു.

ടി.സി.ഐ. ഡയറക്ടർ പ്രഭു പിംഗലി, മാത്യു എബ്രഹാം, പായൽ സേത്ത് എന്നിവരുൾപ്പെടെയുള്ള ഗവേഷകർ ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലാണ് സർവേ നടത്തിയത്.

Content Highlights: Lockdown Resulted Malnutrition Among Women Study