ന്യൂഡല്‍ഹി : കോവിഡ് രണ്ടാംതരംഗം അതിശക്തമായി ആഞ്ഞടിക്കുന്നുണ്ടെങ്കിലും മറ്റു പോംവഴിയില്ലെങ്കിൽമാത്രമേ ലോക്ഡൗൺ ഏർപ്പെടുത്തുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചൊവ്വാഴ്ചരാത്രി രാജ്യത്തെ അഭിസംബോധനചെയ്യവേ അദ്ദേഹം വ്യക്തമാക്കി. കോവിഡ് രാജ്യത്തിന്റെ സാമ്പത്തികനിലയെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അച്ചടക്കംപാലിച്ചാല്‍ ലോക്ഡൗണ്‍ ആവശ്യംവരില്ല. മൈക്രോ കൺടെയ്ന്‍മെന്റ് സോണുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ‘ദവായ് ഭി, കടായ് ഭി’ (വാക്സിനും വേണം അച്ചടക്കവും വേണം) എന്ന വാക്യം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാരും സംവിധാനങ്ങളും രാപകല്‍ പ്രവര്‍ത്തിക്കുകയാണ്. പ്രതിസന്ധിഘട്ടത്തില്‍ ധൈര്യം കൈവിട്ടുപോകരുതെന്നും രാജ്യം വിജയംനേടുമെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ ഓക്സിജന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനും നിര്‍മാണവും വിതരണവും വര്‍ധിപ്പിക്കാനും നടപടികളെടുത്തു. കൂടുതല്‍ കോവിഡ് ആശുപത്രികള്‍ തുറക്കും. കൂടുതല്‍ കിടക്കകള്‍ ഉറപ്പാക്കും. അവശ്യമരുന്നുകളുടെയും കോവിഡ് വാക്സിന്റെയും ഉത്‌പാദനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയാന്‍ ഇന്ത്യ ചുരുങ്ങിയ സമയംകൊണ്ടാണ് വാക്സിനുണ്ടാക്കിയത്. ഇന്ന് ലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ വാക്സിന്‍ ഇന്ത്യയുടേതാണ്. നഗരത്തിലെ തൊഴിലാളികള്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിന് സമാനമായി കുടിയേറ്റത്തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം. അവര്‍ ഇപ്പോഴുള്ളിടത്തുതന്നെ തുടരുന്ന സ്ഥിതി ഉറപ്പാക്കണം.

കോവിഡ് പ്രതിരോധത്തിനായി അച്ചടക്കവും പെരുമാറ്റവും ഉറപ്പുവരുത്താന്‍ യുവാക്കളും കുട്ടികളും മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി ആഹ്വാനംചെയ്തു. യുവാക്കള്‍ പ്രാദേശികസമിതികള്‍ രൂപവത്‌കരിച്ച് അച്ചടക്കപാലനം ഉറപ്പുവരുത്തണം. വീടുകളില്‍നിന്ന് പ്രായമായവര്‍ പുറത്തുപോകാതിരിക്കാന്‍ കുട്ടികള്‍ ശ്രദ്ധിക്കണം. കോവിഡ് പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങിയ മുന്‍നിരപ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിവാദ്യംചെയ്തു.

Content Highlights: Lockdown PM Narendra Modi