ബെംഗളൂരു: കോവിഡ്-19 വ്യാപനം തടയുന്നതിനായുള്ള ലോക്ഡൗൺ നീണ്ടുപോവുകയാണെങ്കിൽ മഹാമാരിയെക്കാൾ കൂടുതൽപ്പേർ പട്ടിണിമൂലം മരിക്കുമെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി പറഞ്ഞു.

ലോക്ഡൗൺ കൂടുതൽ കാലം തുടരാൻ രാജ്യത്തിന് കഴിയില്ല. കോവിഡ് വൈറസിനോട് പൊരുത്തപ്പെടാൻ കഴിയണം. ദുർബലരായവരെ സംരക്ഷിക്കുന്നതോടൊപ്പം പ്രതിരോധശേഷിയുള്ളവരെ ജോലിയിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകണം. അടച്ചിടൽ കൂടുതൽ കാലം തുടർന്നാൽ കോവിഡ് മരണത്തെക്കാൾ കൂടുതൽ പട്ടിണിമരണങ്ങൾക്ക് രാജ്യം സാക്ഷ്യംവഹിക്കേണ്ടിവരും. ബിസിനസ് മേധാവികളുമായി നടന്ന വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസിതരാജ്യങ്ങളുമായി താരതമ്യംചെയ്യുമ്പോൾ ഇന്ത്യയിലെ കോവിഡ് മരണനിരക്ക് കുറവാണ്. വിവിധ കാരണങ്ങളാൽ ഓരോവർഷവും രാജ്യത്ത് ഒമ്പത് ദശശലക്ഷംപേർ മരിക്കുന്നുവെന്നാണ് കണക്ക്. ഇതുമായി താരതമ്യംചെയ്യുമ്പോൾ കോവിഡ് വ്യാപനത്തിൽ അത്ര പരിഭ്രാന്തി ആവശ്യമില്ല. രാജ്യത്ത് അസംഘടിത മേഖലയിൽ ലക്ഷക്കണക്കിനുപേരാണ് ജോലിചെയ്യുന്നത്. ലോക്ഡൗൺ കാരണം ഇവർക്ക് തൊഴിൽ നഷ്ടപ്പെടുകയും പട്ടിണിയാവുകയുംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Coontent Highlights: lockdown Narayana Murthy