ന്യൂഡൽഹി: ദേശീയ അടച്ചിടലുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ മേയ് മൂന്നിന് ഇളവുകൾ പ്രഖ്യാപിച്ചാലും തീവണ്ടി സർവീസുകൾ ഉടനെ ആരംഭിക്കില്ല.

വിമാനസർവീസുകൾ മേയ് പകുതിക്കുശേഷം പരിമിതമായ തോതിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുണ്ട്. 25 മുതൽ 30 വരെ ശതമാനം സർവീസുകളേ തുടക്കത്തിലൂണ്ടാവൂ. ഒരു സംസ്ഥാനത്ത് ഒന്നോ രണ്ടോ വിമാനത്താവളങ്ങളേ ആദ്യം തുറക്കൂ. വിമാനസർവീസ് തുടങ്ങുന്നതിന്‌ പത്തുദിവസംമുൻപുമാത്രമേ ടിക്കറ്റ് ബുക്കിങ് അനുവദിക്കൂ. മേയ് പകുതിക്കുശേഷം സർവീസുകൾ തുടങ്ങുന്നതിന്റെ സാധ്യതയും ജീവനക്കാരുടെ ലഭ്യതയും എയർ ഇന്ത്യ പരിശോധിക്കുന്നുണ്ട്.

അതിഥിത്തൊഴിലാളികളെയും വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെയും കൊണ്ടുപോകാൻ തീവണ്ടി സർവീസ് നടത്താൻ സാധ്യതയില്ല. ബസുകൾമാത്രമേ ഇതിനായി ഉപയോഗിക്കൂ. ബസുകൾ പ്രായോഗികമല്ലെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇളവുനൽകില്ലെന്നാണ്‌ സൂചന.

വിവിധ സംസ്ഥാനങ്ങൾ പ്രത്യേക തീവണ്ടി സർവീസുകൾക്കായി റെയിൽവേ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. കോവിഡ് സ്ഥിതിഗതികൾ എല്ലാ സംസ്ഥാനത്തും മെച്ചപ്പെട്ടാൽമാത്രമേ അന്തഃസംസ്ഥാന തീവണ്ടി സർവീസ് അനുവദിക്കൂ.

Content Highlights: Lockdown Flight Train