ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അതിഥിതൊഴിലാളികളെ സ്വദേശത്തേക്കു തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ അടിയന്തര നടപടിവേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തിങ്കളാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തരമായി സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കാവശ്യമായ ആരോഗ്യസുരക്ഷാ ഉപകരണങ്ങള്‍ നല്‍കണമെന്നും ആവശ്യമുണ്ടായി.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് അതിഥിതൊഴിലാളികളുടെ വിഷയം ഉന്നയിച്ചത്. ഇവര്‍ ബിഹാറിലേക്കു തിരിച്ചുവരുന്നതിനെ സ്വാഗതംചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വാഹനങ്ങളുടെയും ജനങ്ങളുടെയും അന്തഃസംസ്ഥാന നീക്കത്തിന് പുതിയ ഉത്തരവു വേണമെന്നും ആവശ്യപ്പെട്ടു. അതിഥിതൊഴിലാളികളുടെ തിരിച്ചുവരവ് അടിച്ചടില്‍ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണെന്ന നിലപാടായിരുന്നു നിതീഷ് മുമ്പ് സ്വീകരിച്ചിരുന്നത്.

അതിഥിതൊഴിലാളികളെ സ്വദേശത്തേക്കു കൊണ്ടുവരാന്‍ നയമുണ്ടാക്കണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയും പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കിയില്ലെന്ന് അദ്ദേഹം പിന്നീടു പറഞ്ഞു. വ്യക്തിസുരക്ഷാ ഉപകരണങ്ങളും സാമ്പത്തിക പാക്കേജും വേണമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു സംസ്ഥാനങ്ങള്‍ ഉന്നയിച്ച പ്രധാനവിഷയങ്ങള്‍:

കോണ്‍റാഡ് സാങ്മ, മേഘാലയ: മേയ് മൂന്നു കഴിഞ്ഞും അടച്ചിടല്‍ തുടരണം. പച്ചമേഖലകളില്‍ ഇളവുകളോടെ കര്‍ശനനിയന്ത്രണം വേണം. സംസ്ഥാന, ജില്ലാന്തര യാത്ര വിലക്കണം. അവശ്യസേവനങ്ങള്‍ക്കും അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും ഇളവുവേണം.

ത്രിവേന്ദ്ര സിങ് റാവത്ത്, ഉത്തരാഖണ്ഡ്: കച്ചവടവും വ്യാപാരവും ഘട്ടംഘട്ടമായി നിയന്ത്രണങ്ങളോടെ പുനഃസ്ഥാപിക്കണം. സാധാരണ ജനജീവിതം പുനഃസ്ഥാപിക്കാന്‍ സാവധാനം നടപടിയെടുക്കണം.

രാം ഠാക്കൂര്‍, ഹിമാചല്‍പ്രദേശ്: ചുവപ്പുമേഖലകളില്‍ അടച്ചിടല്‍ തുടരണം. സാമ്പത്തിക ഇടപാടുകള്‍ പുനരാരംഭിക്കാവുന്ന നിലയാണ്. 12 ജില്ലകളില്‍ കോവിഡില്ല.

നവീന്‍ പട്‌നായിക്, ഒഡിഷ: അടച്ചിടല്‍ തുടരണം. പ്രധാനപ്പെട്ട സാമ്പത്തിക ഇടപാടുകളനുവദിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കരുത്.

വിജയ് രൂപാണി, ഗുജറാത്ത്: ഹോട്സ്പോട്ടുകളില്‍ കര്‍ശന നിരീക്ഷണമുണ്ട്. തബ്‌ലീഗ് സമ്മേളനശേഷം സൂറത്ത്, വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ രോഗവ്യാപനം കൂടി. കേന്ദ്രനിര്‍ദേശങ്ങള്‍ നടപ്പാക്കും.

മനോഹര്‍ ലാല്‍ ഖട്ടാര്‍, ഹരിയാണ: രോഗമേഖലകളൊഴിച്ചുള്ള പ്രദേശങ്ങളില്‍ വ്യവസായം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ആരംഭിച്ചു. കാര്‍ഷിക പ്രവര്‍ത്തനം പുനരാരംഭിച്ചു. സംസ്ഥാനാന്തര ഗതാഗതം തടഞ്ഞു. കേന്ദ്രത്തിന്റെ നിര്‍ദേശം അംഗീകരിക്കും.

സൊറാം താങ്ക, മിസോറം: കേന്ദ്രനിര്‍ദേശങ്ങള്‍ പാലിക്കും.

Content Highlights: Lock down migrant workers