മുംബൈ: കർഷകരുടെ മുൻകാലവായ്‌പകൾ അവസാനിപ്പിക്കുന്നതിനു മുമ്പുതന്നെ അവർക്ക് വീണ്ടും വായ്‌പ നൽകാൻ അനുമതി തേടി പൊതുമേഖലാബാങ്കുകൾ സർക്കാരിനെ സമീപിക്കാനൊരുങ്ങുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയിൽ പ്രധാനമന്ത്രി വിളിച്ചിട്ടുള്ള പൊതുമേഖലാ ബാങ്ക് പ്രതിനിധികളുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നാണ് വിവരം.

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴും മറ്റും കർഷകർക്ക് എളുപ്പത്തിൽ വായ്‌പ ലഭിക്കാൻ ഇത് സഹായകമാകുമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ. നിലവിൽ വായ്‌പകളുടെ കുടിശ്ശിക തീർത്താൽ മാത്രമേ കർഷകർക്ക് പുതിയ വായ്‌പ ലഭിക്കൂ. ഇത് സാധാരണക്കാരായ കർഷകർക്ക് വായ്‌പ ലഭിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ്. ഇതിനു പരിഹാരമെന്ന നിലയിലാണ് ശുപാർശ മുന്നോട്ടുവെക്കുന്നത്. കാർഷികമേഖലയ്ക്കായി ക്രെഡിറ്റ് ഗാരന്റി സ്‌കീം നടപ്പാക്കുന്നതും ഈ മേഖലയിൽ കൂടുതൽ ഫണ്ട് ലഭ്യമാക്കാൻ സഹായകമാകുമെന്ന് ബാങ്കുകൾ പറയുന്നു. പൊതുമേഖലാ ബാങ്കുകൾ കാർഷികവായ്‌പകൾ സംബന്ധിച്ച് ശാഖകൾ തോറും നടത്തിയ ചർച്ചകളിൽ ഉരുത്തിരിഞ്ഞ അഭിപ്രായമനുസരിച്ചാണ് ശുപാർശകൾ തയ്യാറാക്കുന്നത്.

സൈബർ സുരക്ഷ നേരിടാൻ ഓരോ ബാങ്കും പ്രത്യേകമായി സംവിധാനമൊരുക്കുന്നതിനു പകരം പൊതുസംവിധാനം കൊണ്ടുവരുന്നതും ചർച്ചയായേക്കും. മുദ്ര വായ്‌പകൾക്ക് കൂടുതൽ ഈട് ലഭ്യമാക്കണമെന്നതും ബാങ്കുകൾ ഉന്നയിച്ചേക്കും. പൊതുമേഖലാ ബാങ്കുകൾക്ക് വിപണി വിഹിതം കുറയുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുമേഖലാ ബാങ്കുകളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുക കൂടി ലക്ഷ്യമിട്ട് പ്രധാനമന്ത്രി യോഗം വിളിച്ചിട്ടുള്ളത്.

സിബിൽ സ്കോർ അടിസ്ഥാനമാക്കി കാർഷിക വായ്‌പകൾ നൽകുന്ന രീതിയിൽ ഇളവു വേണമെന്ന് കർഷകർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. പ്രകൃതിദുരന്തങ്ങളിലും മറ്റും കൃഷി നശിച്ചാൽ കാർഷിക വായ്പകൾ കുടിശ്ശികയാകുക പതിവാണ്. ഇത് കർഷകരുടെ ക്രെഡിറ്റ് സ്‌കോർ ഇടിയാൻ കാരണമാകുകയും പിന്നീട് ഇവർക്ക് വായ്‌പ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ക്രെഡിറ്റ് സ്കോർ എന്താണെന്നുപോലും സാധാരണക്കാരായ വലിയൊരളവ് കർഷകർക്ക് ഇപ്പോഴും അറിയാത്ത സ്ഥിതിയുണ്ട്.

അതേസമയം, കാർഷികവായ്‌പകളുമായി ബന്ധപ്പെട്ടുള്ള ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഉയരുകയാണ്. ജൂൺ 30 വരെയുള്ള ത്രൈമാസത്തിൽ മൂന്നു ശതമാനമാണ് ഈ വിഭാഗത്തിലെ വർധന. കിസാൻ ക്രെഡിറ്റ് കാർഡുകൾ വഴി കാർഷിക വായ്പകൾ നിയന്ത്രിക്കുന്നതും ബാങ്കുകൾ പരിഗണിക്കുന്നുണ്ട്.

content highlights: loan to farmers