ന്യൂഡൽഹി: കിഴക്കൻ ഡൽഹി എം.പി.യും മുൻക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഐ.എസ്.ഐ.എസ്. കശ്മീർ എന്ന പേരിലുള്ള സംഘടനയിൽനിന്ന്‌ ഇ-മെയിൽ ഭീഷണിസന്ദേശം ലഭിച്ചതിനെത്തുടർന്ന് ഗംഭീറിന്റെ വസതിയിൽ സുരക്ഷ ശക്തമാക്കി. ചൊവ്വാഴ്ച രാത്രി 9.32-നാണ് വധഭീഷണി ഉയർത്തിയുള്ള ഇ-മെയിൽ സന്ദേശം ലഭിച്ചതെന്ന് സെൻട്രൽ ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ പറഞ്ഞു.

നിങ്ങളെയും കുടുംബത്തെയും കൊല്ലാൻ പോവുന്നു എന്നായിരുന്നു ഇ-മെയിലിലെ ഉള്ളടക്കം. ഗൗതം ഗംഭീർ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണവും ആരംഭിച്ചു. അദ്ദേഹത്തിന്റെ വസതിയിൽ സുരക്ഷ വർധിപ്പിച്ചതായും പോലീസ് അറിയിച്ചു.

ഡൽഹി പോലീസിലെ സ്പെഷ്യൽ സെല്ലിനു കീഴിലുള്ള ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ്‌ സ്ട്രാറ്റജിക് ഓപ്പറേഷൻ യൂണിറ്റ് ഗൂഗിളിനെ ബന്ധപ്പെട്ട് ഇ-മെയിലിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു. ഗൗതം ഗംഭീറിന്റെ പേഴ്‌സണൽ സെക്രട്ടറി ഗൗരവ് അറോറ രേഖാമൂലം നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടികളെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ശ്വേത ചൗഹാൻ പറഞ്ഞു. രാജേന്ദ്ര നഗർ പോലീസ് സ്റ്റേഷനിലാണ് പരാതി.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ, ഇതുവരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ സ്പെഷ്യൽ സെല്ലിനാണ് അന്വേഷണച്ചുമതല. പരാതി ഗൗരവമായെടുത്തിട്ടുണ്ടെന്നും ഉന്നത പോലീസ് മേധാവികൾ അറിയിച്ചു.