ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഇത്രയധികം കാലം താരമായി വാണ മറ്റൊരു നടൻ ഉണ്ടാവില്ല. ചെറിയൊരു ഇടവേള ഒഴികെ 50 വർഷത്തോളം വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കാൻ അമിതാഭ് ബച്ചന് കഴിഞ്ഞു. അംഗീകാരപരമ്പരകൾക്കൊടുവിൽ രാജ്യത്തെ പരമോന്നത ചലച്ചിത്രപുരസ്കാരമായ ഫാൽക്കെ അവാർഡും അദ്ദേഹത്തെ തേടിയെത്തി.

ഒരു നടൻ എന്നതിനപ്പുറം ബച്ചൻ അദ്ദേഹത്തിന്റെ ആരാധകർക്ക് ആരൊക്കെയോ ആയിരുന്നു, എല്ലാക്കാലവും. ദിവസവും രാവിലെ അദ്ദേഹത്തിന്റെ മുംബൈയിലെ വസതിക്കുമുന്നിൽ നൂറു കണക്കിന് ആളുകൾ തങ്ങളുടെ ഇഷ്ടതാരത്തെ ഒരു നോക്കു കാണാൻ എത്തുന്നതും ഇതുകൊണ്ടുതന്നെ.

അഭിനയത്തിന് പുറമെ, പിന്നണി ഗായകൻ, സിനിമാ നിർമാതാവ്, ടെലിവിഷൻ അവതാരകൻ തുടങ്ങിയ റോളുകളിലും ബച്ചനെത്തി. ‘കോൻ ബനേഗാ ക്രോർപതി’ എന്ന ടെലിവിഷൻ ഗെയിം ഷോയെ ജനപ്രിയമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു.

1970-കളിൽ സഞ്ജീർ, ദീവാർ, ഷോലെ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ മധ്യവർഗത്തിന്റെ വീരപുത്രനായി അദ്ദേഹം വെള്ളിത്തിരയിൽ നിറഞ്ഞു. തിന്മയ്ക്കു നേരെയുള്ള യുവത്വത്തിന്റെ പൊട്ടിത്തെറിയാണ് അദ്ദേഹത്തെ ’രോഷാകുലനായ ചെറുപ്പക്കാരൻ’ ആക്കി മാറ്റിയത്.

അമിതാഭിന് അച്ഛൻ ഹരിവംശ് റായ് ബച്ചൻ ആദ്യമിട്ട പേര് ’ഇൻക്വിലാബ്’ എന്നായിരുന്നു. പിന്നീട് സുഹൃത്ത് സുമിത്രാനന്ദ പന്ത് പറഞ്ഞിട്ടാണ് അമിതാഭ് എന്നാക്കി മാറ്റിയത്. 1942-ൽ ജനിച്ച അദ്ദേഹം 27-ാം വയസ്സിൽതന്നെ സിനിമാ രംഗത്തേക്ക് വന്നു. 71-ൽ ’ആനന്ദ്’ എന്ന ചിത്രം ഏറ്റവും നല്ല സഹനടനുള്ള ഫിലിം ഫെയർ അവാർഡ് നേടിക്കൊടുത്തതോടെയാണ് ബോളിവുഡിന്റെ അവിഭാജ്യഘടകമായി അദ്ദേഹം മാറുന്നത്. ‘കൂലി’ എന്ന ചിത്രത്തിൽ അപകടം പറ്റി സിനിമാ രംഗത്ത് നിന്നും അല്പകാലം മാറി നിൽക്കേണ്ടിവന്നതും ഇടക്കാലത്ത് രാഷ്ട്രീയത്തിലിറങ്ങി കളം മാറിയതും ബച്ചന്റെ അവസ്ഥ മോശമാക്കി. ‘അമിതാഭ് ബച്ചൻ കോർപ്പറേഷൻ’ എന്ന സ്ഥാപനത്തിലൂടെയുണ്ടായ സാമ്പത്തികമായ പതനത്തിൽ നിന്നും പിന്നീട് ബച്ചനെ രക്ഷപ്പെടുത്തിയത് ‘കോൻബനേഗാ ക്രോർപതി’ എന്ന ടെലിവിഷൻ ഗെയിം ആയിരുന്നു. പിന്നീട് വെള്ളിത്തിരയിലേക്കുള്ള തിരിച്ചുകയറൽ. 76-ാം വയസ്സിലും താരമായി തിളങ്ങി നിൽക്കുന്ന മറ്റൊരു നടനെ കാണാൻ പ്രയാസം.

content highlights: Life and career of Amitabh Bachchan, Dadasaheb Phalke winner 2019