ബെംഗളൂരു: കർണാടകത്തിലും പുറത്തുള്ളവരുമായ 15 പേരെ വധിക്കുമെന്ന ഭീഷണിയുമായി അജ്ഞാത കത്ത്. നിടുമാമിടി മഠാധിപതി നിജഗുണാനന്ദ സ്വാമിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. സ്വാമിയെയും മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, നടൻ പ്രകാശ് രാജ് എന്നിവരുൾപ്പെടെയുള്ളവരെയും ജനുവരി 29-ന് വധിക്കുമെന്നാണ് ഭീഷണി. വെള്ളിയാഴ്ചയാണ് ഭീഷണിക്കത്ത് തപാലിൽ ലഭിച്ചത്.

നടൻ ചേതൻ, സി.പി.എം. നേതാവ് വൃന്ദാകാരാട്ട്, മുൻ ബജ്‌റംഗദൾ നേതാവ് മഹേന്ദ്കുമാർ, ചന്നമല്ല സ്വാമി, ജ്ഞാനപ്രകാശ് സ്വാമി, മുൻ എം.എൽ.എ. ബി.ടി. ലളിത നായക്, യുക്തിവാദി മഹേഷ്ചന്ദ്ര ഗുരു, കെ.എസ്. ഭഗവാൻ, മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേശകൻ ദിനേശ് അമിൻ മട്ടു, എഴുത്തുകാരായ ചന്ദ്രശേഖർപാട്ടീൽ, ദ്വാരക് നാഥ്, അഗ്നി ശ്രീധർ എന്നിവരാണ് കത്തിൽ പരാമർശിച്ചിട്ടുള്ള മറ്റുള്ളവർ.

സ്വന്തം മതത്തെ ഒറ്റിക്കൊടുത്തതിനാൽ ജനുവരി 29-ന് അന്ത്യയാത്രയ്ക്കായി ഒരുങ്ങിയിരിക്കാൻ നിജഗുണാനന്ദ സ്വാമിയോട് ആവശ്യപ്പെടുകയാണ് കത്തിൽ. സ്വാമിക്കുപിന്നാലെ കത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുവ്യക്തികളുടെ അന്ത്യയാത്ര നടക്കുമെന്നും ഇതിനായി ഇവരെ ഒരുക്കണമെന്നും കത്തിൽപറയുന്നു. നടൻ ചേതൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെയും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയെയും കണ്ട് ഭീഷണിക്കത്തിന്റെ പകർപ്പ് കൈമാറി. വിഷയം ഗൗരവമായി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ചേതൻ പറഞ്ഞു.

ദാവൻഗരെയിൽനിന്നാണ് കത്തയച്ചതെന്ന് മനസ്സിലായിട്ടുണ്ടെന്ന് ബെലഗാവി റൂറൽ എസ്.പി. ലക്ഷ്മൺ നിംബാർഗി പറഞ്ഞു. വധഭീഷണി മുഴക്കി രണ്ടുമാസംമുമ്പ് ഫോൺകോൾ ലഭിച്ചിരുന്നതായി സ്വാമി പോലീസിനോട് പറഞ്ഞു. കലബുറഗി ജില്ലയിലെ ജെവർഗിയിലെ ആശ്രമത്തിലാണ് സ്വാമിയുള്ളത്. സ്വാമിക്ക് കലബുറഗി പോലീസ് സുരക്ഷ ഏർപ്പെടുത്തി. പൗരത്വനിയമഭേദഗതിയെ എതിർത്തവരാണ് വധഭീഷണി ലഭിച്ചവരിൽപലരും.

Content Highlights: letter threats to hd kumaraswamy and 14 other leaders