ബെംഗളൂരു: മാണ്ഡ്യയിൽ പരസ്പരം ഏറ്റുമുട്ടിയ പുലിക്കുട്ടിക്കും തെരുവുനായയ്ക്കും ദാരുണാന്ത്യം. കെ.ആർ. പേട്ട് അണ്ണച്ചെക്കനഹള്ളിയിലാണ് നായയുടെ കടിയേറ്റ്‌ ആറുമാസം പ്രായമുള്ള പുലിക്കുട്ടി ചത്തത്. പരിക്കേറ്റ തെരുവുനായയും ചത്തു. കഴിഞ്ഞദിവസം പുലർച്ചെ കൃഷിയിടത്തേക്ക് പോകാനിറങ്ങിയ ഗ്രാമീണരാണ് പുലിക്കുട്ടിയെ ചത്തനിലയിൽ കണ്ടത്. തൊട്ടടുത്ത് തെരുവുനായയെയും കണ്ടെത്തി. തുടർന്ന് ഗ്രാമീണർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

ഗ്രാമീണർ ഓമനിച്ചുവളർത്തുന്ന ‘കരിയ’ എന്ന നായയാണ് പുലിക്കുട്ടിയുമായി ഏറ്റുമുട്ടിയത്. രാത്രി ശബ്ദംകേട്ടിരുന്നെങ്കിലും ഗ്രാമീണർ പുറത്തിറങ്ങിയില്ല. വന്യജീവികൾ ഇറങ്ങുന്ന, കാടിനോടുചേർന്ന പ്രദേശമാണിത്. നേരത്തെയും ഇവിടെനിന്ന് പുലി നായയെ പിടികൂടിയിട്ടുണ്ടെങ്കിലും നായയുടെ ചെറുത്തുനിൽപ്പിൽ പുലി ചാകുന്നത് ആദ്യമായാണ്. ‘കരിയ’യ്ക്ക് ഗ്രാമീണർക്കിടയിൽ വീരപരിവേഷമാണുള്ളത്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

Content highlight: Leopard, dog fight to death in Mandya