കൊൽക്കത്ത: അഭിനയത്തികവുകൊണ്ട് ഇന്ത്യൻ സിനിമയുടെ ഖ്യാതി അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തിയവരിൽ പ്രമുഖസ്ഥാനമുള്ള ബംഗാളി നടൻ സൗമിത്ര ചാറ്റർജി (85) അരങ്ങൊഴിഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറുപതിറ്റാണ്ട് പിന്നിട്ടശേഷവും സജീവമായി തുടർന്ന അഭിനയ ജീവിതത്തിന് ഇതോടെ തിരശ്ശീലവീണു.

കോവിഡ്-19 ബാധിതനായി ഒക്ടോബർ ആറിനാണ് സൗമിത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ഭേദമായെങ്കിലും ആരോഗ്യസ്ഥിതി മോശമായിത്തുടർന്നു.

ടെക്നീഷ്യൻസ് സ്റ്റുഡിയോയിൽ പൊതുദർശനത്തിനു വെച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കേയോർത്തല ശ്മശാനത്തിൽ സംസ്കരിച്ചു. ദീപാ ചാറ്റർജിയാണ് ഭാര്യ. പൗലമി, സൗഗത എന്നിവർ മക്കളാണ്.