അഗര്‍ത്തല: ത്രിപുരയിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചാരിലം മണ്ഡലത്തിലെ മത്സരത്തില്‍നിന്ന് പിന്മാറാന്‍ ഇടതുമുന്നണി തീരുമാനിച്ചു. പ്രചാരണത്തിന്റെ അവസാനദിനമായ ശനിയാഴ്ചയാണ് സ്ഥാനാര്‍ഥി പലാഷ് ദേബ് ബര്‍മയെ പിന്‍വലിക്കുകയാണെന്ന് സി.പി.എം. പ്രഖ്യാപിച്ചത്. തിങ്കളാഴ്ചയാണ് ഇവിടെ തിരഞ്ഞെടുപ്പ്.

ഫെബ്രുവരി 18-ന് മറ്റ് 59 മണ്ഡലങ്ങള്‍ക്കൊപ്പം നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് സി.പി.എം. സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. തിരഞ്ഞെടുപ്പുഫലം വന്നശേഷം ഇവിടെ ബി.ജെ.പി. ഭീകരത നിലനില്‍ക്കുകയാണെന്ന് ഇടതുമുന്നണി കണ്‍വീനറും സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ ബിജന്‍ ധര്‍ ആരോപിച്ചു. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ജിഷ്ണുദേബ് ബര്‍മയാണ് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി.

സ്ഥിതിഗതികള്‍ സാധാരണനിലയിലാകുന്നതുവരെ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ഇടതുമുന്നണി തിരഞ്ഞെടുപ്പുകമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പിന്മാറുന്നതെന്ന് ബിജന്‍ ധര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ വ്യാഴാഴ്ച സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഓംപ്രകാശ് റാവത്തിനെയും മറ്റ് രണ്ടുകമ്മിഷണര്‍മാരെയും കണ്ടത്.
 
കേന്ദ്രകമ്മിറ്റിയംഗം ഗൗതംദാസിന്റെ നേതൃത്വത്തിലുള്ള സംഘം ത്രിപുരയിലെ മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെക്കണ്ടും ആവശ്യമുന്നയിച്ചിരുന്നു.

പാര്‍ട്ടി ഓഫീസുകള്‍, പാര്‍ട്ടിയംഗങ്ങളുടെ വീടുകള്‍ എന്നിവയ്ക്കുനേരെയുള്ള അക്രമങ്ങള്‍, ഇരുപതിലധികം പാര്‍ട്ടിനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുംനേരെയുള്ള അക്രമങ്ങള്‍ എന്നിവ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളുമടക്കം കമ്മിഷനെ അറിയിച്ചിരുന്നെന്ന് ധര്‍ പറഞ്ഞു. 'തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചതിനുശേഷം ഇടതുപാര്‍ട്ടികളുടെ സംസ്ഥാനത്തെ നാനൂറോളം ഓഫീസുകള്‍ അക്രമത്തിനിരയായി. 85 പാര്‍ട്ടി ഓഫീസുകള്‍ കത്തിച്ചു.
 
315 ഓഫീസുകള്‍ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു. ഇടതുപ്രവര്‍ത്തകരുടെ 1704 വീടുകള്‍ അക്രമത്തിനിരയായി. ഇരുനൂറോളം വീടുകള്‍ കത്തിച്ചു. അറനൂറോളം പ്രവര്‍ത്തകരും അനുകൂലികളും അക്രമത്തിനിരയായി. ചാരിലത്തെ സി.പി.എം. സ്ഥാനാര്‍ഥി ജീവന്‍രക്ഷിക്കാന്‍ അവിടെനിന്ന് രക്ഷപ്പെട്ടു. ചാരിലത്തെ 40 തിരഞ്ഞെടുപ്പ് ബൂത്ത് ഓഫീസുകള്‍ കത്തിച്ചു' - ധര്‍ ആരോപിച്ചു. ഈ പശ്ചാത്തലത്തില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ അഭയം തേടിയെന്നും അദ്ദേഹം പറഞ്ഞു.

അക്രമങ്ങള്‍ തടയണമെന്ന് അധികൃതരോടും ബി.ജെ.പി. നേതൃത്വത്തോടും ആവശ്യപ്പെട്ടതായി ധര്‍ വ്യക്തമാക്കി. അക്രമം വ്യാപിച്ച മേഖലകള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സി.പി.എം.സംഘം ശനിയാഴ്ച സന്ദര്‍ശിച്ചു.