ന്യൂഡൽഹി: ഇന്ദ്രപ്രസ്ഥത്തിലെ ലോധി എസ്റ്റേറ്റിലുള്ള അറുപതാം നമ്പർ ബംഗ്ലാവ്. ചൊവ്വാഴ്ച ഉച്ചസമയം. രാജ്യസഭാംഗമെന്ന നിലയിൽ രാഷ്ട്രീയ കാലാവധി പൂർത്തിയായതോടെ കോൺഗ്രസ് നേതാവ് വയലാർ രവി തലസ്ഥാനനഗരിയോട് വിട പറയുകയാണ്. മൂന്നരപ്പതിറ്റാണ്ടിലെ മഹാനഗര ജീവിതത്തിനും ആറു പതിറ്റാണ്ടിലെ സജീവ രാഷ്ട്രീയത്തിനും വിരാമം. ശിഷ്ടജീവിതം എറണാകുളത്ത് ഇളയമകൾ ലക്ഷ്മിക്കൊപ്പം.

ലോധി ബംഗ്ലാവിലെ വാതിൽ തുറന്ന്് പുറത്തിറങ്ങുംമുമ്പ് എൺപത്തിമൂന്നുകാരനായ അദ്ദേഹം ഇടതുവശത്തെ ചുമരിലുള്ള പ്രിയതമ മേഴ്‌സിയുടെ ഛായാചിത്രത്തിനു മുന്നിലെത്തി തൊഴുതു. യാത്രയാക്കാനായെത്തിയ മക്കൾ ലിസ റോഹനോടും ലക്ഷ്മി രവിയോടും യാത്രപറഞ്ഞ് സന്തത സഹചാരിയായ സിറിൾ സഞ്ജു ജോർജിനൊപ്പം കാറിലേക്ക് കയറി. ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽനിന്ന് കേരളത്തിലേക്ക് യാത്രയാവാൻ. ഇനിയുള്ള കാലം എറണാകുളത്ത് ഇളയമകൾ ലക്ഷ്മിക്കൊപ്പമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. വീട്ടുസാധനങ്ങളും മേഴ്‌സി രവിയുടെ ഫോട്ടോയുമായി മകളും താമസിയാതെ മടങ്ങും.

നിയമസഭയിലും ലോക്‌സഭയിലും രണ്ടുതവണവീതം അംഗത്വം, നാലുതവണ രാജ്യസഭാംഗത്വം, പ്രവാസികാര്യം, പാർലമെന്ററികാര്യം, വ്യോമയാനം, എം.എസ്.എം.ഇ., ശാസ്ത്രസാങ്കേതികം തുടങ്ങിയ വകുപ്പുകളിൽ കേന്ദ്രമന്ത്രിപദവി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി, എച്ച്.ആർ.ഡി. സമിതി ചെയർമാൻ, കെ.പി.സി.സി. പ്രസിഡന്റ് തുടങ്ങി നിർണായക പദവികളാണ് സുദീർഘമായ രാഷ്ട്രീയകാലത്ത് വയലാർ രവിയെ തേടിയെത്തിയത്. ആ ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി നിറവേറ്റിയ ചാരിതാർഥ്യത്തിലാണ് ഇപ്പോഴത്തെ മടക്കം.

1972-ൽ ചിറയിൻകീഴ് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ചാണ് വയലാർ രവി ഡൽഹിയിലെത്തുന്നത്. ആ ജയമാണ് ഇന്ദിരാഗാന്ധിയുടെ പ്രീതി പിടിച്ചുപറ്റാൻ കാരണമായതെന്ന് അദ്ദേഹം പറയുന്നു. ആ വർഷംതന്നെ കൊൽക്കത്തയിൽ നടന്ന എ.ഐ.സി.സി. സമ്മേളനത്തിൽ പ്രവർത്തക സമിതിയിലേക്ക് മത്സരിച്ചു ജയിച്ചു. 34-ാം വയസ്സിൽ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി. ആ കാലത്താണ് ദേശീയതലത്തിൽ കെ.എസ്.യു. മാതൃകയിൽ സംഘടന വേണമെന്ന് ഇന്ദിരാഗാന്ധിയോട് അഭ്യർഥിച്ചത്. ബംഗാളിൽനിന്നുള്ള പ്രിയരഞ്ജൻ ദാസ് മുൻഷി ഇതിനെ പിന്താങ്ങി. അങ്ങനെ എൻ.എസ്.യു. രൂപംകൊണ്ടു.

ഇന്ദിരാഗാന്ധിയെ തന്നെയായിരുന്നു വയലാർ രവി ജീവിതത്തിൽ ഏറ്റവും ആരാധിച്ചിരുന്നത്. സഞ്ജയ് ഗാന്ധി കമ്യൂണിസ്റ്റെന്നു വിളിച്ചാക്ഷേപിച്ചതോടെ ബന്ധം വഷളായി. രാജീവ് ഗാന്ധി സൗമ്യനും ശാന്തനും സ്നേഹമുള്ളവനും ആയിരുന്നെന്നാണ് അഭിപ്രായം. ആ സ്നേഹം സോണിയക്കും തന്നോടുണ്ടെന്ന് രവി പറയുന്നു. മേഴ്‌സിയുടെ ആരോഗ്യനില വഷളായപ്പോൾ ഐക്യരാഷ്ട്രസംഘടനയുടെ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തി അമേരിക്കയിൽ ചികിത്സയ്ക്കയച്ചത് രാജീവാണ്. രാഹുൽ ഗാന്ധിയുമായി വലിയ ബന്ധമൊന്നും സൂക്ഷിക്കുന്നില്ല.

കേരള നേതാക്കളിൽ ഉമ്മൻ ചാണ്ടിയോടാണ് കൂടുതൽ അടുപ്പവും സ്നേഹവും. കേരളത്തിൽ ആഭ്യന്തര മന്ത്രിയായിരിക്കേ, 1986-ൽ മുഖ്യമന്ത്രിയായിരുന്ന കരുണാകരനോട് തെറ്റി രാജിവെച്ചതിലേക്കും കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് എ.കെ. ആന്റണിയുമായി മത്സരിച്ചു ജയിച്ചതിലേക്കും നയിച്ച സാഹചര്യങ്ങൾ ഉണ്ടായതിൽ ഈ നേതാക്കളോട് അല്പം നീരസം സൂക്ഷിക്കുന്നുണ്ടെങ്കിലും അവരേയും ഇഷ്ടമാണെന്ന് അദ്ദേഹം പറയും. ഇനി സ്വസ്ഥമായിരുന്ന് ആത്മകഥ എഴുതണമെന്ന ആഗ്രഹംകൂടിയാണ് ബാക്കിയുള്ളത്.

Content Highlights: Left Delhi, Vayalar Ravi spends the rest of his life with his daughter